മുഖ്യമന്ത്രിയുടെ മകനെ വിറപ്പിച്ച് സുമലത, മാണ്ഡ്യയിൽ തീപാറുന്ന വമ്പൻ പോരാട്ടം !

മുന്‍ കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ വിധവ മലയാളികളുടെ മനസില്‍ പ്രണയംനിറച്ച പത്മരാജന്റെ തൂവാനതുമ്പികളിലെ നായിക സുമതലക്ക് ബി.ജെ.പി പിന്തുണപ്രഖ്യാപിച്ചതോടെ മാണ്ഡ്യയില്‍ നടക്കുന്നത് സൂപ്പര്‍ മത്സരമായിരിക്കും. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെയാണ് സുമലതയുടെ പോരാട്ടം.

മാണ്ഡ്യയിലെ മുന്‍ എം.പിയും കോണ്‍ഗ്രസ് കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷിനോടുള്ള സഹതാപതരംഗം വോട്ടായാല്‍ അത് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് കനത്ത തിരിച്ചടിയാകും.കന്നഡ സിനിമയില്‍ ശോഭിച്ച എം.എച്ച് അംബരീഷിന്റെ പ്രിയമണ്ഡലമായിരുന്നു മാണ്ഡ്യ. 1998ല്‍ മാണ്ഡ്യയില്‍ നിന്നും ജനതാദളിലൂടെ എം.പിയായി രാഷ്ട്രീയ പ്രവേശനം നടത്തിയ അംബരീഷ് പിന്നീട് കോണ്‍ഗ്രസിലേക്ക് കൂടുമാറുകയായിരുന്നു.

1999തിലും 2004ലും രണ്ടു തവണ മാണ്ഡ്യയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തി. മന്‍മോഹന്‍ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായി. കാവേരി നദീതര്‍ക്കത്തില്‍ കര്‍ണാടകയോട് നീതികാട്ടിയില്ലെന്നാരോപിച്ച് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച് അംബരീഷ് കന്നടക്കാരില്‍ ആവേശം ഉയര്‍ത്തി. പിന്നീട് മാണ്ഡ്യ നിയമസഭ മണ്ഡലത്തില്‍ നിന്നും 42,937 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അംബരീഷ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭവനവകുപ്പ് മന്ത്രിയായിരുന്നു.

2018ല്‍ ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലൊക്കെ അംബരീഷിന്റെ നിഴലായി എന്നും ഭാര്യ സുമലതയുണ്ടായിരുന്നു. ഇവരുടെ മകന്‍ അഭിഷേകും കന്നട നടനാണ്. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സുമലത കോണ്‍ഗ്രസിനോട് സീറ്റ് ചോദിച്ചെങ്കിലും സഖ്യകക്ഷിയായ ജെ.ഡി.എസിനായിരുന്നു സീറ്റ് നല്‍കിയിരുന്നത്.

bjp

സുമലതക്ക് മൈസൂരു സീറ്റ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യക്കുവേണ്ടി ശക്തമായ നിലപാടെടുക്കുകയായിരുന്നു അവര്‍. മാണ്ഡ്യയില്‍ ഇതിനകം തന്നെ സ്ഥാനാര്‍ത്ഥിയായി അവര്‍ പ്രചരണവും തുടങ്ങിയിട്ടുണ്ട്. മാണ്ഡ്യയിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി നിഖിലും കന്നട സിനിമാ നടനാണ്.

തനിക്കോ മകനോ വേണ്ടിയല്ല അംബരീഷിനും മാണ്ഡ്യയിലെ ജനങ്ങള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് സുമലത പ്രഖ്യാപിച്ചത്. അംബരീഷിന്റെ വിയോഗം ദുഖംനിറഞ്ഞ ദിവസമായിരുന്നെന്നും മാണ്ഡ്യയിലെ ജനങ്ങളാണ് തന്നെ ഇരുട്ടില്‍ നിന്നും പുറത്തുകൊണ്ടുവന്നതെന്നും വൈകാരികമായാണ് സുമലത പ്രസംഗിക്കുന്നത്. മാണ്ഡ്യയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിലെ വലിയ വിഭാഗം സുമലതയെ പിന്തുണക്കുകയാണ്. മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി സുമലതക്ക് പരസ്യ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

80 കളിലെ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുമായും അടുത്ത ബന്ധമാണ് അംബരീഷിനും സമുലതക്കുമുണ്ടായിരുന്നത്. പത്മരാജന്റെ തൂവാനതുമ്പികള്‍ക്ക് പുറമെ ന്യൂഡല്‍ഹി, താഴ്‌വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പത്മരാജന്റെ തൂവാനതുമ്പികളില്‍ മോഹന്‍ലാലിന്റെ നായികയായാണ് മലയാളികളുടെ മനസില്‍ പ്രണയ നായികയായി ഇടംപിടിച്ചത്. 80തുകളിലെ മലയാളം, തമിഴ്, കന്നട, തെലുങ്ക് സൂപ്പര്‍താരങ്ങളുടെയും നായികമാരുടെയും കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു സുമലത. സുമലതക്കു വേണ്ടി വോട്ടുതേടി പഴയ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും പ്രചരണത്തിനിറങ്ങുമെന്നാണ് വിവരം. ഇതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ താരപ്രാധാന്യമുള്ള മണ്ഡലമായി മാണ്ഡ്യമാറിയിരിക്കുകയാണ്.

Top