ഷെഹലയുടെ മരണം; പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും രക്ഷിതാവിനും ഭീഷണി

വയനാട്‌: ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭീഷണി. നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് ഇവരെ ഭീഷണിപ്പെടുത്തിയതെന്നും അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്നും ഷെഹലയുടെ കൂട്ടുകാരി വിസ്മയ മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയയുടെ അച്ഛന്‍ രാജേഷാണ് ഇത് സംബന്ധിച്ച് സംസാരിച്ചത്. സ്‌കൂളിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയവര്‍ ആരോപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഷെഹലയുടെ മരണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്‌കൂൡനെക്കുറിച്ചും അധ്യാപകരെക്കുറിച്ചും ധൈര്യത്തോടെ പ്രതികരിച്ചത് സഹപാഠികളും കൂട്ടുകാരികളുമായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷനില്‍ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഭീഷണി.

‘മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്‌കൂളിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍, ചാനലുകാര്‍ ഇന്നല്ലെങ്കില്‍ നാളെയങ്ങ് പോകും, നിങ്ങള്‍ അനുഭവിക്കും,’എന്നാണ് രാജേഷിനെ ഭീഷണിപ്പെടുത്തിയത്. ഷെഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്നും രാജേഷ് പറഞ്ഞു.

എന്നാല്‍ താന്‍ പറഞ്ഞുകൊടുത്തിട്ടല്ല മകള്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്ന് പറഞ്ഞ രാജേഷ്, മകളെ കുറിച്ച് അഭിമാനമേയുള്ളൂ എന്നും പറഞ്ഞു. കൂട്ടുകാരി മരിച്ചപ്പോള്‍ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ആരും പറഞ്ഞുതന്നിട്ടല്ലെന്ന് വിസ്മയയും പറഞ്ഞു.

Top