Sukumaran Nairs Reply for Vellappally natesan

തിരുവനന്തപുരം: മരണത്തിലും മതം കണ്ട വെളളാപ്പള്ളി നടേശന്റെ വര്‍ഗീയതക്ക് മതേതരത്വ നിലപാടിലൂടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മറുപടി.

ഹിന്ദു ഐക്യകാഹളം ഉയര്‍ത്തി ആര്‍.എസ്.എസുമായി കൈകോര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ വെള്ളാപ്പളളിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞാണ് എന്‍.എസ്.എസ് മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചത്.

കേരളയാത്ര നടത്തി പാര്‍ട്ടിയുണ്ടാക്കിയ വെളളാപ്പളളിയോട് നേരത്തെ നായരീഴവ ഐക്യം എന്നപേരിലുളള സൗഹൃദം കൈവിട്ട് അകലം സൂക്ഷിക്കുകയായിരുന്നു എന്‍.എസ്.എസ്. ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭഗവത് കേരളത്തിലെത്തി ഹിന്ദു സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും എന്‍.എസ്.എസ് ഇതില്‍ നിന്നും വിട്ടുനിന്നു.

എന്‍.എസ്.എസിനെ വിരട്ടി കാര്യം നേടാമെന്നു കരുതേണ്ടെന്ന് ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനും സുകുമാരന്‍ നായര്‍ മടിച്ചില്ല. ബി.ജെ.പി അധ്യക്ഷന്‍ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയെങ്കിലും നിലപാടു മയപ്പെടുത്താന്‍ എന്‍.എസ്.എസ് തയ്യാറായിട്ടില്ല.

തീവ്ര ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസുമായി അകലംപാലിക്കുന്ന എന്‍.എസ്.എസ് കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫുമായി സമദൂര നിലപാടാണ് സ്വീകരിക്കുന്നത്.

ബി.ജെ.പിയുമായി അടുത്തു നല്‍ക്കുന്ന സിനിമാതാരം സുരേഷ്‌ഗോപി വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരെ കാണാന്‍ ഡയറക്ടര്‍ബോര്‍ഡ് യോഗം നടക്കുന്ന ഹാളിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍ ശകാരിച്ച് ഇറക്കിവിട്ടിരുന്നു. അന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ സുകുമാരന്‍ നായര്‍ക്കെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടായില്ല.

ആര്‍.എസ്.എസിനെ എതിര്‍ക്കുമ്പോഴും മറ്റു മതവിഭാഗങ്ങളുമായി സൗഹൃദത്തിന്റെ പാതയാണ് എന്‍.എസ്.എസ് സ്വീകരിച്ചത്. 139-ാം മന്നം ജയന്തി സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്തത് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാബാവയാണ്. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതുമില്ല.

കോഴിക്കോട്ട് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ ആന്ധ്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചപ്പോള്‍ മരിച്ചത് മുസ്‌ലിമായതുകൊണ്ടാണ് പണം ലഭിച്ചതെന്ന് പ്രസംഗിച്ച് വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയായിരുന്നു വെള്ളാപ്പള്ളി. എന്നാല്‍ സമുദയാചാര്യന്റെ ജന്‍മദിന സമ്മേളനത്തിന് ഇതര സമുദായ പുരോഹിതനെ വിളിച്ച് ഉദ്ഘാടനം ചെയ്യിച്ച് മതേതരത്വത്തിന്റെ മാതൃകകാട്ടുകയായിരുന്നു സുകുമാരന്‍നായര്‍.

Top