ഇടതുപക്ഷത്തിന്റെ തകർപ്പൻ വിജയം സുകുമാരൻ നായർക്കുള്ള മുന്നറിയിപ്പ്

തൊരു ചരിത്ര നിമിഷമാണ് ചെങ്കൊടി ചുവപ്പ് ചരിത്രമെഴുതിയ മെയ് 2 യു.ഡി.എഫിനെ സംബന്ധിച്ച് ഇനി എത് കാലത്തും പേടി സ്വപ്നമായിരിക്കും. ഈ വമ്പൻ പരാജയം യു.ഡി.എഫിൽ ഉണ്ടാക്കാൻ പോകുന്നത് എത്ര വലിയ പ്രഹരമാണെന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്നതിലും അപ്പുറമാണ്. യു.ഡി.എഫ് എന്ന മുന്നണി തന്നെ ഓർമ്മയായി മാറിയാലും ഇനി അത്ഭുതപ്പെടാനില്ല. പിണറായി വിജയൻ എന്ന നായകന്റെ നേതൃത്വത്തിൽ ആർത്തിരമ്പി വന്ന ചെമ്പട അതിന്റെ ആധിപത്യം ഒരിക്കൽ കൂടിയാണ് കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 140 സീറ്റിൽ ബഹുഭൂരിപക്ഷം സീറ്റുകളും തൂത്തുവാരുക എന്നത് സ്വപ്ന തുല്യമായ മുന്നേറ്റമാണ്. ഭരണ വിരുദ്ധ വികാരം പ്രതീക്ഷിച്ചവർ ഭരണത്തിന് അനുകൂലമായ തരംഗം കണ്ട് ബോധക്ഷയം വന്ന അവസ്ഥയിലാണ് നിലവിലുള്ളത്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നിരിക്കുന്നത്. ഇതിന് ചെങ്കൊടിയെ സഹായിച്ചത് പിണറായി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ്.

ദുരിത കാലത്തും അതിജീവിക്കാൻ കരുത്ത് നൽകിയ ‘ക്യാപ്റ്റന്നുള്ള’ അംഗീകാരം കൂടിയാണിത്. ഇനി ഈ ചെങ്കൊടിയെ പറച്ചെറിയുക എന്നത് ആർക്കും തന്നെ എളുപ്പമാകുകയില്ല. ജനങ്ങളാണിപ്പോൾ ചെങ്കൊടിയുടെ കാവലാൾ. ചുവപ്പിനെ ഹൃദയത്തോട് ചേർത്ത് നിർത്തിയ കേരളജനത സാമുദായിക ശക്തികൾക്കും ശക്തമായ മറുപടിയാണിപ്പോൾ നൽകിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ശബരിമല അയ്യപ്പൻ തുണക്കുമെന്ന് വിശ്വസിച്ച യു.ഡി.എഫിനെ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പോലും നിലംതൊടീക്കാതെയാണ് വിശ്വാസികൾ ഉൾപ്പെടെയുള്ള ജനസമൂഹം ഓടിച്ചിരിക്കുന്നത്. അയ്യപ്പ കോപം ആർക്കാണെന്നത് ഇതിൽ നിന്നു തന്നെ വ്യക്തവുമാണ്. വോട്ടെണ്ണൽ ദിവസം വിശ്വാസികൾ സർക്കാറിനെതിരെ വിധി എഴുതുമെന്ന് പ്രഖ്യാപിച്ച സുകുമാരൻ നായർക്ക് സാക്ഷാൽ അയ്യപ്പൻ നൽകിയ ചുട്ട മറുപടി കൂടിയാണിത്. പാവങ്ങളെ ചേർത്തു നിർത്തുന്ന സർക്കാറിനെതിരെ ഒരു ദൈവവും നിൽക്കില്ലന്ന യാഥാർത്ഥ്യം വൈകിയെങ്കിലും സുകുമാരൻ നായർ മനസ്സിലാക്കുന്നത് നല്ലതാണ്.

സ്വന്തം സമുദായ അംഗങ്ങൾ പോലും ഈ നായരുടെ വാക്കിന് വില കൽപ്പിക്കാറില്ല. ആ ചരിത്രം തന്നെയാണ് ഇത്തവണയും ആവർത്തിച്ചിരിക്കുന്നത്. യു.ഡി.എഫ് സർക്കാറുകളെ പിന്നിൽ നിന്നും നിയന്ത്രിച്ച ചരിത്രമുള്ള സുകുമാരൻ നായർ ഉൾപ്പെടെയുള്ള സമുദായ നേതാക്കൾ ആഗ്രഹിക്കുന്നതും അത്തരം സർക്കാറുകളെയാണ്. അതിനാണ് പിണറായി സർക്കാറിനെതിരെ കലി തുള്ളിയത്. ഒളിഞ്ഞും തെളിഞ്ഞും സകല ജാതി – മത ശക്തികളും ശ്രമിച്ചിട്ടും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ജനങ്ങൾ ഇടതുപക്ഷത്തിനിപ്പോൾ നൽകിയിരിക്കുന്നത്. അത് ഇത്തരം ദ്രോഹികൾക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്.
സമാനതകളില്ലാത്ത കടന്നാക്രമണങ്ങളാണ് പിണറായി സർക്കാറിനെതിരെ പ്രതിപക്ഷം നടത്തിയിരിക്കുന്നത്. ഇത്രയധികം ആരോപണങ്ങൾ മറ്റൊരു സർക്കാറിനും നേരിടേണ്ടി വന്നിട്ടുണ്ടാകുകയില്ല. സ്വർണ്ണക്കടത്ത്, ഈത്തപ്പഴക്കടത്ത്, പി.എസ്.സി നിയമന വിവാദം, ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം, തുടങ്ങി ധിക്കാരിയായ ഭരണാധികാരിയായി വരെ പിണറായിയെ ചിത്രീകരിച്ചാണ് പ്രതിപക്ഷം കടന്നാക്രമണം നടത്തിയിരുന്നത്. അത്തരം കടന്നാക്രമണങ്ങൾക്ക് നിയമസഭക്കകത്തും പുറത്തും നേതൃത്വം കൊടുത്തവർ കൂട്ടത്തോടെയാണിപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്.

തോൽവിയിൽ മനംനൊന്ത് ഇനി മത്സരിക്കാനില്ലന്ന് പ്രഖ്യാപിച്ച വീരശുര പരാക്രമിയെയും ഇപ്പോൾ കേരളം കണ്ടു കഴിഞ്ഞു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ മുൻ നിർത്തി വേട്ടയാടിയപ്പോൾ അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് മുസ്ലീംലീഗും കോൺഗ്രസ്സും ഉൾപ്പെടെ പലപ്പോഴും സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും വലിയ രൂപത്തിലാണ് അപമാനിക്കപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയകളിലെ കമ്യൂണിസ്റ്റ് വിരുദ്ധർക്ക് നിറംപിടിപ്പിച്ച വാർത്തകൾ നൽകി ആക്രമിക്കാൻ പ്രചോദനം നൽകിയതും യു.ഡി.എഫ് നേതാക്കളാണ്. ബി.ജെ.പിയുടെ ‘ബി’ ടീമായി തന്നെയാണ് പലപ്പോഴും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്നത്.

കേന്ദ്ര സർക്കാർ അതിന്റെ തനിനിറം കാട്ടിയപ്പോൾ, പരസ്യമായി പിന്തുണയ്ക്കുന്ന സമീപനമാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിരുന്നത്.ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ യു.ഡി.എഫിനെ കൈവിടാൻ ഇതും ഒരു കാരണമാണ്. കേരളത്തിലെ ബി.ജെ.പിയുടെ പ്രതീക്ഷകൾ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത് ഇടതുപക്ഷമാണ്. നേമത്ത് കാഴ്ചക്കാരൻ്റെ റോൾ മാത്രമാണ് കോൺഗ്രസ്സിന ഉണ്ടായിരുന്നത്. സംഘ പരിവാറിൻ്റെ ഭീഷണിയെ ചെറുക്കാൻ, കരുത്തുള്ള ഏക പ്രസ്ഥാനം ഇടതുപക്ഷമാണ്. സി.പി.എമ്മാണ്.ഈ യാഥാർത്ഥ്യം മുസ്ലീംലീഗ് അണികളും മനസ്സിലാക്കുന്നത് നല്ലതാണ്.

Top