ആർ.എസ്.എസ് ‘സ്വഭാവ’ത്തിലേക്ക് എൻ.എസ്.എസ് . . . !

രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍.എസ്.എസില്‍ നിന്നും നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന എന്‍.എസ്.എസിനും ഇടയിലുള്ള ദൂരം കുറഞ്ഞിരിക്കുന്നു.

ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളേക്കാള്‍ ഇപ്പോള്‍ ഹിന്ദു വികാരം കത്തിച്ച് നിര്‍ത്തി അഭിനവ സംരക്ഷകനായി മാറിയിരിക്കുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളെ പ്രതിഷേധത്തിന്റെ പ്രതിഫലനമായി വിലയിരുത്തിയതിലൂടെ രാഷ്ട്രീയ കേന്ദ്രങ്ങളെ മാത്രമല്ല സ്വന്തം സുദായത്തെയും സുകുമാരന്‍ നായര്‍ ഞെട്ടിച്ചിരിക്കുകയാണ് .

സംസ്ഥാനത്ത് കലാപത്തിന് വഴിമരുന്നിട്ടത് സര്‍ക്കാരാണെന്ന ഗുരുതര ആരോപണമാണ് സുകുമാരന്‍ നായര്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം – സി.പി.ഐ നേതാക്കള്‍ രംഗത്തുവന്നു കഴിഞ്ഞു. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ ആ ബാധ്യത നടപ്പാക്കിയില്ലെങ്കില്‍ ജനം തെരുവിലിറങ്ങുന്നതില്‍ തെറ്റില്ലെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനവും അതേസമയം അക്രമത്തിനുള്ള ന്യായീകരണവുമാണ്.

അവര്‍ണര്‍ക്ക് വഴി നടക്കാനും ക്ഷേത്രപ്രവേശനത്തിനുമായി സവര്‍ണജാഥ നയിച്ച സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ പിന്‍മുറക്കാരനാണ് താനെന്ന് സുകുമാരന്‍ നായര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

പട്ടിയും പൂച്ചയും നടന്നുപോകുന്ന ക്ഷേത്രവഴികളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതായിരുന്നു ഒരുകാലത്തെ ആചാരം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ കാലത്ത് അത്തരം ദുരാചാരങ്ങള്‍ക്കെതിരെ പടനയിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യമെങ്കിലും സുകുമാരന്‍നായര്‍ ഓര്‍ക്കണം.

എന്‍.എസ്.എസിനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആലയില്‍കൊണ്ടുപോയി കെട്ടാനാണ് സുകുമാരന്‍നായര്‍ അച്ചാരം വാങ്ങിയതെങ്കില്‍ അതിനെതിരെ നായര്‍ സമുദായം തന്നെ രംഗത്തിറങ്ങുന്ന കാലം അതിവിദൂരമല്ല.

പഴയ വിമോചന സമരത്തിന്റെ വിത്ത് ഇനി കേരളത്തില്‍ വിളയില്ല. അതിന് സുകുമാരന്‍ നായര്‍ വെയിലും കൊണ്ടിട്ട് കാര്യമില്ല. നായന്‍മാരുടെ അട്ടിപ്പേറവകാശം സുകുമാരന്‍നായര്‍ക്കില്ലെന്നതും മനസ്സിലാക്കുക.

Express View

Top