സുകുമാരൻ നായരുടെ മാത്രമല്ല . . . വെള്ളാപ്പള്ളിമാരുടെയും ”ഗ്യാസ്” പോയി !

തം, ജാതി, വിശ്വാസം, ആചാരം ഇവയെല്ലാം ആയുധമാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ നേട്ടം കൊയ്തത് ഇപ്പോഴും പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ അത്ഭുതം തന്നെയാണ്. എന്തു കൊണ്ടു തോറ്റു എന്നതിന് തൃപ്തികരമായ ഒരു മറുപടി പൊതു സമൂഹത്തിനു നല്‍കാന്‍ യു.ഡി.എഫിനു മാത്രമല്ല ബി.ജെ.പിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് 2016ല്‍ കിട്ടിയതിനേക്കള്‍ കുത്തനെ വോട്ട് കുറഞ്ഞതും ഉള്ള സീറ്റ് നഷ്ടമായതും യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനാണ് വലിയ ആശ്വാസമായിരിക്കുന്നത്. ഇതിന് അവര്‍ നന്ദിപറയേണ്ടത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളോടാണ്.

ബി.ജെ.പി മുന്നണിക്ക് വോട്ട് വര്‍ദ്ധിക്കുകയോ ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുകയോ ചെയ്തിരുന്നെങ്കില്‍ ഇതിനകം തന്നെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് ചേക്കേറുമായിരുന്നു. ഈ മുന്നറിയിപ്പ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായ കെ.സുധാകരന്‍ ഉള്‍പ്പെടെയാണ് നല്‍കിയിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ ഉള്ള അക്കൗണ്ട് കൂടി സി.പി.എം പൂട്ടിച്ചതോടെ താല്‍ക്കാലികമായാണെങ്കില്‍ പോലും ഈ ഒഴുക്ക് തടഞ്ഞു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുണ്ട്. ഇനി നേതൃമാറ്റം ഇല്ലങ്കില്‍ മാത്രമാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുക.

അതേസമയം നേതാക്കള്‍ ത്രിശങ്കുവിലാണെങ്കിലും യു.ഡി.എഫ് അനുഭാവികളില്‍ ഇടതുപക്ഷ അഭിനിവേശമാണ് നിലവില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സി.പി.എമ്മും പ്രാദേശികമായ ഇടപെടലുകള്‍ വ്യാപകമായി തന്നെ നടത്തുന്നുണ്ട്. അധികാര മോഹികളായ യു.ഡി.എഫ് നേതാക്കളെ അടുപ്പിക്കില്ലങ്കിലും അവരുടെ അണികളെ ചേര്‍ത്തു നിര്‍ത്താന്‍ തന്നെയാണ് സി.പി.എം തീരുമാനം. അതേസമയം പാര്‍ട്ടി ചിന്നഭിന്നമായി പോകാതിരിക്കാന്‍ രമേശ് ചെന്നിത്തലയെ നാടുകടത്തി വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ചെന്നിത്തലയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി കേരളത്തിന് പുറത്ത് ചുമതല നല്‍കാനാണ് നീക്കം. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പദവി തെറിക്കാനാണ് സാധ്യത. ഇരുവരെയും സംരക്ഷിക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒപ്പമുള്ളവരുടെ പിന്തുണ പോലും ഈ നീക്കത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. വി.ഡി സതീശനാണ് പ്രതിപക്ഷ നേതാവെങ്കില്‍ കോണ്‍ഗ്രസ്സിലെ തലമുറ മാറ്റമായും ഈ സ്ഥാനാരോഹണം വിലയിരുത്തപ്പെടും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുന്ന പിണറായി മന്ത്രിസഭയെ നേരിടാന്‍ സതീശനെങ്കിലും വേണമെന്നാണ് യു.ഡി.എഫ് ഘടക കക്ഷികളും ആഗ്രഹിക്കുന്നത്. മുസ്ലീംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗങ്ങളും നിലവില്‍ വലിയ പ്രതിസന്ധിയിലാണുള്ളത്. പ്രതിപക്ഷത്തിന് ഊര്‍ജ്ജം നല്‍കാന്‍ കരുത്തനായ നേതാവില്ലങ്കില്‍ ഈ പാര്‍ട്ടികളിലെ അണികളും കൂടുതല്‍ നിരാശരാകും.

മുസ്ലീം,ക്രൈസ്തവ വോട്ടുകളിലെ ചുവപ്പ് മുന്നേറ്റത്തിന്റെ ഞെട്ടലില്‍ നിന്നും ഉമ്മന്‍ ചാണ്ടി മാത്രമല്ല കുഞ്ഞാലിക്കുട്ടിയും പി ജെ.ജോസഫും ഉള്‍പ്പെടെ ഇപ്പോഴും മുക്തരായിട്ടില്ല. വിശ്വാസം പ്രധാന പ്രചരണ വിഷയമായിട്ടും ഹൈന്ദവ വോട്ടുകള്‍ വ്യാപകമായി ഇടതുപക്ഷത്തിന് ലഭിച്ചത് ബി.ജെ.പിയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാക്കുകള്‍ ആ സമുദായം തന്നെ തള്ളിക്കളഞ്ഞത് രമേശ് ചെന്നിത്തലക്കും അപ്രതീക്ഷിതമായിരുന്നു. ബി.ഡി.ജെ.എസിലൂടെ ഈഴവ വോട്ടുകള്‍ സമാഹരിക്കാമെന്ന ബി.ജെ.പി കണക്കു കൂട്ടലുകളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഈഴവ വോട്ടുകളും ഇത്തവണയും നേടിയിരിക്കുന്നത് ഇടതുപക്ഷമാണ്. ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടി വെറും ഒരു ‘പടം’ മാത്രമാണെന്ന് കൂടിയാണ് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നത്. കേന്ദ്ര സേനയുടെ സുരക്ഷയില്‍ കഴിയുന്ന വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചും ഈ തോല്‍വി വലിയ തിരിച്ചടിയാണ്. മകനെ എന്‍.ഡി.എയില്‍ നിര്‍ത്തിയും ഇടതുപക്ഷത്തെ പിണക്കാതെയും തന്ത്രപരമായ സമീപനമാണ് വെള്ളാപ്പള്ളി ഇത്തവണ സ്വീകരിച്ചിരുന്നത്. വെള്ളാപ്പള്ളിയുടെ ഈ അവസരവാദപരമായ നിലപാടില്‍ ശക്തമായ പ്രതിഷേധം ബി.ജെ.പി അണികള്‍ക്കിടയിലും ശക്തമാണ്. ജനപിന്തുണയുള്ള പാര്‍ട്ടികളെയാണ് എന്‍.ഡി.എയില്‍ ചേര്‍ക്കേണ്ടതെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

നിയമസഭാതിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തോടെ ബി.ഡി.ജെ.എസും ബി.ജെ.പി.യുമായുള്ള ബന്ധത്തിനും ഇപ്പോള്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്. എന്‍.ഡി.എ കണ്‍വീനര്‍സ്ഥാനം ഒഴിയുമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. മുന്‍കാല തിരഞ്ഞെടുപ്പുകളെക്കാള്‍ വോട്ടുവിഹിതത്തില്‍ ഇത്തവണയുണ്ടായ കുറവാണ് ബി.ഡി.ജെ.എസിന് പ്രഹരമായിരിക്കുന്നത്. ബി.ജെ.പി അവഗണനയാണ് ഇതിനു കാരണമായി തുഷാറും സംഘവും ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം ബി.ഡി.ജെ.എസിന് ഈഴവ വോട്ട് ബാങ്കില്‍ കാര്യമായ സ്വാധീനവുമില്ലന്നാണ് ബി.ജെ.പിയിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കണക്കുകള്‍ നിരത്തിയാണ് ഈ വാദങ്ങള്‍.

21 മണ്ഡലങ്ങളില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ശക്തിതെളിയിച്ചില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിയുടെ ഈ സമുദായ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പരമ്പരാഗതമായി തന്നെ ഈഴവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തിനാണ് ലഭിക്കാറുള്ളത്. ഇത്തവണയും ആ ചരിത്രം തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. യു.ഡി.എഫ് ബി.ജെ.പി വിഭാഗങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ലഭിച്ചു വന്നിരുന്ന വോട്ടു ബാങ്കില്‍ ശരിക്കും വിള്ളല്‍ സൃഷ്ടിക്കുവാനും ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. അതാണിപ്പോള്‍ പ്രതിപക്ഷത്തെ സംബന്ധിച്ചും അപ്രതീക്ഷിത പ്രഹരമായി മാറിയിരിക്കുന്നത്.

Top