എന്റെ പുരുഷനില്‍ അങ്ങയുടെ അംശം ഓരോ ദിവസവും ഞാന്‍ കാണുന്നുണ്ട് അച്ഛാ: സുപ്രിയ

ടന്‍ സുകുമാരന്‍ വിടപറഞ്ഞിട്ട് ഇന്ന് 23 വര്‍ഷം പിന്നിടുകയാണ്. ഈ ഓര്‍മദിനത്തില്‍ സുകുമാരനെക്കുറിച്ച് മകനും നടനുമായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ ജീവിതത്തിലെ പുരുഷനില്‍ അങ്ങയുടെ അംശം ഓരോ ദിവസവും ഞാന്‍ കാണുന്നുണ്ട് അച്ഛാ, അവര്‍ പറയാറുണ്ട് അദ്ദേഹം കാണാന്‍ അച്ഛനെ പോലെയാണെന്ന്, പെരുമാറുന്നത് അച്ഛനെ പോലെയാണെന്ന് അച്ഛന്റെ പ്രസിദ്ധമായ ക്ഷോഭവും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്ന്.

അല്ലിക്കും എനിക്കും ഈ സമാനതകള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. എന്നെന്നും സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടും അച്ഛാ’. സുപ്രിയ കുറിച്ചു.

അതേസമയം, ഇന്ദ്രജിത്തും പൃഥ്വിരാജും സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയിലെ ക്ഷുഭിത യൗവനം, എഴുപതുകളിലെ പൗരുഷ പ്രതീകം. പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് സുകുമാരന്‍. കോളജ് അധ്യാപകനായി ജോലി ചെയ്തുവരുന്ന കാലത്താണ് 25ാം വയസ്സില്‍ സുകുമാരന്‍ സിനിമയില്‍ എത്തുന്നത്. നിര്‍മാല്യത്തിലൂടെയായിരുന്നു സിനിമാപ്രവേശം. ആ ചിത്രത്തിന് പിന്നീട് ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റേടിയായിരുന്നു സുകുമാരന്‍. മുഖം നോക്കാതെ കാര്യങ്ങള്‍ തുറന്ന് പറയുന്ന പ്രകൃതം. നായകന്‍, വില്ലന്‍, ഹാസ്യതാരം, സ്വഭാവനടന്‍ അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനായി അദ്ദേഹം മാറി. സുകുമാരനെന്ന നടന്റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുന്ന വേഷങ്ങളായിരുന്നു അവയെല്ലാം. ബന്ധനത്തിലെ അഭിനയത്തിന് സുകുമാരന് 1978ല്‍ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. എണ്‍പതുകളിലെ പുതിയ നായകനിരയുടെ വരവ് സുകുമാരനെ മുന്നിരയില്‍ നിന്ന് പിന്തള്ളി. ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കിയ നടന്‍ 49 വയസ്സില്‍ വിട വാങ്ങി.

Top