അഴിമതിക്കാരനെ ചുമക്കുന്ന കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും ഒന്ന് തന്നെ

ഴിമതിയുടെ കാര്യത്തിലും അഴിമതിക്കാരുമായി കൂട്ടുകൂടുന്ന കാര്യത്തിലും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ബിജെപിയും കോണ്‍ഗ്രസുമെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.ആയാറാം ഗയറാം രാഷ്ട്രീയത്തിന്റെ പുതിയ മാതൃകയായി ടെലികോം കുഭകോണത്തില്‍ പ്രതിയായി അഴിമതിക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ച മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം 91ാം വയസില്‍ കൊച്ചുമകനൊപ്പം ബി.ജെ.പി പാളയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണിപ്പോള്‍.

പി.വി നരസിംഹറാവു മന്ത്രിസഭയെ നാണം കെടുത്തിയ ടെലികോം കുഭകോണം നടത്തിയ സുഖ്‌റാം മകനേയും കൂട്ടി ബി.ജെ.പിക്കൊപ്പം പോയ വഞ്ചന മറന്ന കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ഈ അഴിമതിക്കാരനെ വാരിപ്പുണരുകയാണ്. സുഖ്‌റാമിന്റെ അഴിമതി പഴയതെന്നു പറഞ്ഞ് വെള്ളപൂശിയ ബി.ജെ.പിയും ആരോപണം ഉന്നയിക്കാനാവാതെ മൗനത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുവിട്ടുകൂടുമാറുന്ന കപട രാഷ്ട്രീയം കണ്ട് പകച്ചു നില്‍ക്കുന്നത് പാവം വോട്ടര്‍മാരാണ് .

ഇന്നലെ വരെ എതിര്‍ചേരിയില്‍ നിന്നും പോരടിച്ചവര്‍ ഇന്ന് കൈകൊടുത്ത് പാര്‍ട്ടിയിലേക്കെത്തുമ്പോള്‍ അന്തംവിടുന്നവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്. 1993 മുതല്‍ 96വരെ പി.വി നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ വസതിയില്‍ സി.ബി.ഐ പരിശോധന നടത്തിയപ്പോള്‍ 3.6 കോടി രൂപയാണ് പിടിച്ചെടുത്തത്.

ടെലികോം വകുപ്പിനായി ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ട് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ പ്രത്യേക സി.ബി.ഐ കോടതി സുഖ്‌റാമിന് മൂന്നു വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതോടെ സുഖ്‌റാമിന് തീഹാര്‍ ജയിലിലേക്കു പോകേണ്ടി വന്നു.

കോണ്‍ഗ്രസിലെ അഴിമതിയുടെ പ്രതിരൂപമായാണ് സുഖ്‌റാമിനെ ബി.ജെ.പി ഉയര്‍ത്തികാട്ടിയത്. അഴിമതിക്കാരനായ സുഖ്‌റാം ഹിമാചല്‍ പ്രദേശില്‍ ഹിമാചല്‍ വികാസ് കോണ്‍ഗ്രസുണ്ടാക്കിയപ്പോള്‍ ബി.ജെ.പി അഴിമതി ആരോപണങ്ങല്‍ വിഴുങ്ങി സഖ്യമാവുകയായിരുന്നു.

സുഖ്‌റാമിന്റെ ഹിമാചല്‍ വികാസ് കോണ്‍ഗ്രസുമായുള്ള സഖ്യം കോണ്‍ഗ്രസ് കോട്ടയായ ഹിമാചലില്‍ ബി.ജെ.പിക്ക് അധികാരം നേടിക്കൊടുത്തു. സുഖ്‌റാമിന്റെ മകന്‍ അനില്‍ ശര്‍മ്മ ബി.ജെ.പി മന്ത്രിസഭയില്‍ മന്ത്രിയായി. 2014ല്‍ ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് കോണ്‍ഗ്രസില്‍ ലയിച്ച് സുഖ്‌റാം മകനുമൊപ്പം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി. മകന്‍ അനില്‍ ശര്‍മ്മ കോണ്‍ഗ്രസിലെ വീരഭദ്രസിങ് മന്ത്രിസഭയില്‍ മന്ത്രിയായി. വീണ്ടും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയാണിപ്പോള്‍ അനില്‍ശര്‍മ്മ. ടെലികോം അഴിമതിയില്‍ ജയില്‍ശിക്ഷ അനുഭവിച്ചെങ്കിലും ഹിമാചലിലെ ബ്രാഹ്മണ സമുദായത്തിന്റെ പിന്തുണയാണ് സുഖ്‌റാമിന്റെയും കുടുംബത്തിന്റെയും കരുത്ത്. സുഖ്‌റാമിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ്മക്ക് മാണ്ഡി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതോടെയാണ് സുഖ്‌റാം കൊച്ചുമകനൊപ്പം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയില്‍ നിന്നും മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായ ആശ്രയിന്റെ പിതാവ് അനില്‍ ശര്‍മ്മയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന. ആശ്രയ് ശര്‍മ്മക്ക് സുഖ്‌റാമിന്റെ പഴയ മണ്ഡലമായ മാണ്ഡി സീറ്റ് നല്‍കാനും കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട്. റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്നു വിളിക്കുന്ന രാഹുല്‍ഗാന്ധി അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട ജയില്‍ശിക്ഷ അനുഭവിച്ച സുഖ്‌റാമിനെ കോണ്‍ഗ്രസിലെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമതി വിരുദ്ധപോരാട്ടത്തിന്റെ പൊയ്മുഖമാണ് അഴിഞ്ഞു വീഴുന്നത്.

സുഖ്‌റാമിനൊപ്പമുള്ള ഹിമാചലില്‍ ബ്രാഹ്മണ വോട്ടുകള്‍ കണ്ട് വഞ്ചനയും അഴിമതിയും മറന്നിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്. ഇത്തരം ആളുകളെ കൂടെ കൂട്ടിയാണ് അഴിമതി രഹിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ രാഹുല്‍ ഗാന്ധി ഇറങ്ങി തിരിച്ചിരിക്കുന്നത്.

Top