കുട്ടികളെ തല്ലുന്നതിനു പകരം മമത ബാനര്‍ജിയെ വേണം തല്ലാന്‍; വിവാദ പരാമര്‍ശവുമായി സുകാന്ത മജുംദാര്‍

ഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിവാദ പരാമര്‍ശവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍.മമത ബാനര്‍ജിയുടെ മുഖത്തടിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സുകാന്ത മജുംദാര്‍. സംസ്ഥാന വിദ്യാഭ്യാസ നയത്തിനെതിരെ നടത്തിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമര്‍ശം. വീഡിയോ വൈറലായതോടെ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മജുംദാര്‍ മാപ്പ് പറയണമെന്ന് ടിഎംസി ആവശ്യപ്പെട്ടു.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഥുരാപുരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. എന്തിനാണ് സ്‌കൂളില്‍ പോകുന്നതെന്നും പഠിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ച് നിങ്ങള്‍ കുട്ടികളെ തല്ലും. നന്നായി പഠിക്കാന്‍ കഴിയാത്തത് കുട്ടികളുടെ കുഴപ്പമില്ല, അവരെ തല്ലുന്നതിനു പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയെ വേണം തല്ലാന്‍. കാരണം വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തത് അവരാണ്’-മജുംദാര്‍ പറഞ്ഞു.

മജുംദാറിന്റെ പരാമര്‍ശം വിവാദമായതോടെ ടിഎംസി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ശാരീരിക ആക്രമണത്തിനുള്ള ആഹ്വാനമാണ് പ്രസ്താവന. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാപ്പ് പറയണമെന്നും ടിഎംസി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്റെ പരാമര്‍ശം ലജ്ജാകരമാണെന്ന് ടിഎംസി നേതാവ് മഹുവ മൊയ്ത്രയും പ്രതികരിച്ചു. അതേസമയം, ബാനര്‍ജിക്കെതിരായ മജുംദാറിന്റെ പരാമര്‍ശത്തില്‍ ടിഎംസി വനിതാ വിഭാഗം ഇന്ന് പ്രതിഷേധ റാലി നടത്തും.

Top