പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; ഭരിഭാഗവും മലയാളികളെന്ന്!

യുഎഇ; ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളിലായി മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്, എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 51 ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ കൂടുതലായി ആത്മഹത്യ വര്‍ധിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് പ്രവാസികളുടെ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണമായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡില്‍ വരുത്തി വയ്ക്കുന്ന ബാധ്യതയും, ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളും ,വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ പലരും ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

കുടുബ പ്രശ്നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, പരസ്പരം പങ്കു വെക്കാനോ ശ്രമിക്കാതെയാണ് പ്രവാസികള്‍ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത്.

Top