കടം വാങ്ങിയ പണം തിരികെ നല്‍കാനായില്ല; യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തു

വൈക്കം: പണം കടം കൊടുത്ത ആളുടെ വീട്ടിലെത്തി കടം വാങ്ങിയ ആള്‍ ആത്മഹത്യ ചെയ്തു.കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാന്‍ കഴിയാതെ വന്നതോടെ വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തില്‍ ബാബുവിന്റെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബിജു വായ്പയായി ബാബുവിന്റെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു.വ്യാഴാഴ്ച രാവിലെ ബാബു, ബിജുവിന്റെ കടയില്‍ എത്തി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.തുടര്‍ന്ന് ബാബുവിന്റെ വീട്ടിലെത്തിയ ബിജു പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.വീടിന്റെ കാര്‍പോര്‍ച്ചില്‍ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു.

ഇതിനിടെ ബാബുവിന്റെ ഭാര്യ ജയയ്ക്കും പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ബിജുവിനെയും ജയയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ ബിജു മരിക്കുകയായിരുന്നു. ജയ വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.അസ്വാഭാവിക മരണത്തിന് വൈക്കം പോലീസ് കേസെടുത്തു. വൈക്കത്തെ കൃഷ്ണാ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ബിജു.

Top