ആത്മഹത്യാ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചു ; ലോഗന്‍ പോളിനെതിരെ നടപടി

Logan Paul

ജപ്പാന്‍: ആത്മഹത്യാ ദൃശ്യം പകര്‍ത്തി യൂട്യൂബ് വഴി പ്രചരിപ്പിച്ച ലോഗന്‍ പോള്‍ എന്ന വ്‌ലോഗര്‍ക്കെതിരെ ഗൂഗിളിന്റെ നടപടി. ചിത്രീകരിച്ച വീഡിയോയില്‍ തൂങ്ങിമരിച്ചയാളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഇതേതുടര്‍ന്ന് ഗൂഗിള്‍ പ്രിഫര്‍ഡ് പ്രോഗ്രാമില്‍ നിന്നും ലോഗനെ ഒഴിവാക്കി.

ഏറ്റവും അധികം കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുകളിലേക്ക് മാത്രമായി പരസ്യം നല്‍കുന്ന ഗൂഗിളിന്റെ പരിപാടിയാണ് ഗൂഗിള്‍ പ്രിഫര്‍ഡ് പ്രോഗ്രാം. കൂടാതെ ലോഗന്‍ പോളിനെ നായകനാക്കി യൂട്യൂബ് റെഡ് ലക്ഷ്യമിട്ടിരുന്ന ‘ ദി തിന്നിങ്: ന്യൂ വേള്‍ഡ് ഓര്‍ഡര്‍’ എന്ന സിനിമയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

ജപ്പാനില്‍ തുടര്‍ച്ചായി ആത്മഹത്യകള്‍ നടക്കുന്നതും ആത്മത്യാവനം എന്നറിയപ്പെടുന്നതുമായ ഓക്കിഗഹാര വനത്തിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. വനത്തിനുള്ളിലൂടെ നടക്കുന്നതിനിടയിലാണ് ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സംഘം ചിത്രീകരിക്കുകയും ലോഗന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2017 ഡിസംബര്‍ 31നാണ് സംഭവം.

വീഡിയോ കണ്ട് നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ‘അസഹനീയവും’ ‘മര്യാദയില്ലാത്തതും’ ആണ് വീഡിയോ എന്ന് അറിഞ്ഞ് യൂട്യൂബ് വീഡിയോ പിന്‍വലിക്കുകയായിരുന്നു. ‘ആ കാഴ്ച കണ്ടുണ്ടായ ഞെട്ടലിലും അമ്പരപ്പിലും തനിക്ക് തെറ്റുപറ്റിപ്പോയി. വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നു, തന്നോട് തന്നെ നാണം തോന്നുന്നു. ഏറെ വിഷമിക്കുന്നു’ എന്നാണ് വിമര്‍ശിച്ചവരോട് ലോഗന്‍ പോളിന്റെ വിശദീകരണം.

ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ നടപടി. ഗൂഗിള്‍ ആഡ് പ്രോഗ്രാമിന്റെ പ്രധാനിയായിരുന്നു ലോഗന്‍. കൂടാതെ യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നാലമത്തെ വ്യക്തിയും ലോഗന്‍ പോള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കനുസരിച്ച് 1.25 കോടി ഡോളറാണ് ലോഗന്‍ സമ്പാദിച്ചിട്ടുള്ളത്.

യൂട്യൂബില്‍ നിന്നുള്ള വരുമാനത്തിന് പുറമെ സ്‌പോണ്‍സേര്‍ഡ് സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെയും ലോഗന്‍ വരുമാനമുണ്ടാക്കുന്നുണ്ട്. 1.5 കോടി സബ്‌സ്‌ക്രൈബര്‍മാരാണ് ലോഗന്‍ പോളിനുള്ളത്. എന്നാല്‍ പൂര്‍ണമായും ഇദ്ദേഹത്തെ ഗൂഗിള്‍ ഒഴിവാക്കിയിട്ടില്ല. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ കാണുന്നതിനനുസരിച്ച് വരുമാനം ഇനിയും ലഭിക്കും.Related posts

Back to top