ഐസോലേഷനിലെ രണ്ട് രോഗികളുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നും ഇന്നലെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ആനാട് സ്വദേശിയാണ് ആദ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പിന്നീട് മരണപ്പെട്ടത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി വൈകിട്ട് വാര്‍ഡിനുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായി ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഇന്നലെ ആശുപത്രിയില്‍ നിന്നും ചാടിയ ആനാട് സ്വദേശി ഉണ്ണിയെയാണ് ആദ്യം ഐസോലേഷന്‍ വാര്‍ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടിയത് വിവാദമായിരുന്നു. ബസ്സില്‍ കയറി നാട്ടിലെത്തിയ ഉണ്ണിയെ നാട്ടുകാരാണ് പിടികൂടി ആരോഗ്യവകുപ്പിനെ അറിയിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചത്. ഇന്നലെ തന്നെ ഉണ്ണിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഇന്ന് ഡിസ്ചാര്‍ജ്ജിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ.

ആ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് നെടുമങ്ങാട് സ്വദേശി മുരുകേശന്‍ വൈകീട്ട് പേ വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് രോഗം സംശയിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിയ മുരുകേശനെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്.

Top