എസ്ബിഐ ജീവനക്കാരന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

കൊച്ചി: എസ്ബിഐ മേനക ബ്രാഞ്ച് ജീവനക്കാരന്‍ എന്‍എസ് ജയന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍.

മാനസിക സംഘര്‍ഷങ്ങളിലേക്കും, ആത്മഹത്യയിലേക്കും, ജീവനക്കാരെ തള്ളിയിടുന്നത് എസ്ബിഐയുടെ തൊഴിലാളി വിരുദ്ധ നയമാണെന്ന് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് ജയന്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് വിശദീകരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എറണാകുളം മേനകയിലെ എസ്ബിഐ റീജ്യണല്‍ ഓഫിസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ചാടി ജയന്‍ അത്മഹത്യചെയ്തത്. മരണകാരണം സംഘടനക്കുള്ളിലെ തര്‍ക്കവും, മാനസിക പീഡനവുമാണെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ തന്നെ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു.

Top