വിതുരയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേരാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തി.

പെണ്‍കുട്ടികളെ കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാലോട് ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത് നവംബര്‍ ഒന്നിനായിരുന്നു. പ്രധാന പ്രതി അലന്‍ പീറ്റര്‍ പിടിയിലായെങ്കിലും സഹായികളിപ്പോഴും പുറത്ത് തന്നെയാണെന്നാണ് മരിച്ച പെണ്കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് 18 വയസുകാരി വിതുരയില്‍ ആത്മഹത്യ ചെയ്തത്. പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി കാമുകന്‍ വഞ്ചിച്ചതറിഞ്ഞാണ് തൂങ്ങിമരിക്കുന്നത്. പ്രേരണാകുറ്റം ചുമത്തി ചിറ്റാര്‍ സ്വദേശി ആകാശ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയകള്‍ പിടിമുറുക്കിയിട്ടും ആദിവാസി മേഖലകളില്‍ പൊലീസോ,എക്‌സൈസോ ഒരു പരിശോധനയും നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Top