മോഫിയ പര്‍വ്വീണിന്റെ ആത്മഹത്യ; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭര്‍തൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു.

അതേസമയം, നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വീണിന്റെ ആത്മഹത്യ കേസില്‍ ആലുവ പൊലീസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മോഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.

കൂടാതെ, പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

Top