സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ആത്മഹത്യകുറിപ്പ് പാര്‍ട്ടിക്ക് തലവേദനയാകുന്നു

കൊച്ചി: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സിയാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പാര്‍ട്ടി നേതാക്കള്‍ക്ക് തലവേദനയാകുന്നു. കളമശ്ശേരി ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്‍ അടക്കമുള്ളവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പില്‍ ഉള്ളത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.

സിപിഎം ഭരണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് വഴി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പ്രളയ ദുരിതാശ്വാസ തുക തട്ടിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് ഭരണ സമിതി അംഗം സിയാദ് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനകത്ത് സിയാദ് തൂങ്ങിമരിച്ചത്. തട്ടിപ്പില്‍ നേതാക്കളുടെ പങ്ക് തുറന്നു പറയുമെന്ന് വെളിപ്പെടുത്തിയതിന് സിയാദിനെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത് പുറത്താക്കാന്‍ ശ്രമിച്ചെന്നും ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിറകെയാണ് ആത്മഹത്യ കുറിപ്പ് പുറത്ത് വരുന്നത്.

സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, അയ്യനാട് ബാങ്ക് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയുമായ കെ ആര്‍ ജയചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി കെ പി നിസാര്‍ എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്നും സക്കീര്‍ ഹുസൈന്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Top