കൊവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കുമെന്ന് കേന്ദ്രം. ഇതിനായി നഷ്പരിഹാരത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ തീരുമാനത്തില്‍ തൃപ്തി അറിയിച്ച കോടതി കേസ് അടുത്ത മാസം നാലിന് വിധി പറയാനായി മാറ്റി. ചിലര്‍ക്ക് എങ്കിലും സാന്ത്വനം നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് മൂന്നാം തരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞുവെന്ന ചില വിദഗ്ദ്ധരുടെ അഭിപ്രായ പ്രകടനത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം അഭിപ്രായ പ്രകടങ്ങള്‍ ജനങ്ങളില്‍ ജാഗ്രത കുറയ്ക്കാന്‍ വഴിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഉത്തരവ് ഒക്ടോബര്‍ നാലിന് പുറത്തിറക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുനപരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്.

Top