പ്രവാസിയുടെ ആത്മഹത്യ;നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും

കണ്ണൂര്‍: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സാജന്റെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം.

നാര്‍കോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്‌
ഇന്നലെയാണ് അന്വേഷണം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറികൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ആത്മഹത്യ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പുതുതായി പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസിവ്യവസായിയായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സി.പി.എം. ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും ബന്ധുക്കളും ഗുരുതര ആരോപണമുന്നയിച്ചിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പി.കെ. ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞിരുന്നു.

Top