അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഗൃഹനാഥന്റെ ആരോപണം നിഷേധിച്ച് ബാങ്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം നിഷേധിച്ച് കാനറ ബാങ്ക് അധികൃതര്‍.

അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നതായും മകള്‍ വൈഷ്ണവിയെ കൊണ്ടും ബാങ്ക് അധികൃതര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്നും ഗൃഹനാഥന്‍ ചന്ദ്രന്‍ രുദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍, മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.

അതേസമയം ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിന്‍കരയിലും മാരായിമുട്ടത്തും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

Top