Suicide bomber targeting Christians kills 65 in Pakistan park

ലാഹോര്‍: കിഴക്കന്‍ പാകിസ്താനിലെ പ്രധാന നഗരവും പഞ്ചാബ് പ്രവിശ്യാ തലസ്ഥാനവുമായ ലാഹോറിലെ പാര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗുല്‍ഷനെ ഇഖ്ബാല്‍ എന്ന കുട്ടികളുടെ പാര്‍ക്കിലാണ് ഞായറാഴ്ച വൈകീട്ട് ചാവേര്‍ സ്‌ഫോടനമുണ്ടായത്. ഈസ്റ്റര്‍ അവധിയായതിനാല്‍ പാര്‍ക്കില്‍ പതിവിലും കൂടുതല്‍ ജനത്തിരക്കുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. ചാവേറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഡി.ഐ.ജി മുഹമ്മദ് ഉസ്മാന്‍ അറിയിച്ചു.

പാര്‍ക്കിന്റെ പ്രധാന കവാടത്തിനടുത്താണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കാര്‍ നിര്‍ത്തിയിടുന്നതിനുള്ള സ്ഥലംകൂടിയാണിത്. പാര്‍ക്കിലെങ്ങും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ തിരക്കുണ്ടായിട്ടും കാര്യമായ സുരക്ഷാ മുന്‍കരുതലുണ്ടായിരുന്നില്‌ളെന്ന് റിപ്പോര്‍ട്ടുണ്ട്. ഏതാനും പൊലീസുകാര്‍ മാത്രമാണ് സംഭവസമയം പാര്‍ക്കിലുണ്ടായിരുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് ലാഹോറിലെ പ്രധാന ആശുപത്രികളിലെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കിയിട്ടുണ്ട്.

Top