ചില്‍ഡ്രന്‍സ് ഹോം കേസ്; പെണ്‍കുട്ടികളിലൊരാള്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. തിരികെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചു. എന്നാല്‍ ഇതൊരു ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്നാണ് പൊലീസ് പ്രതികരണം.

തങ്ങള്‍ക്ക് തിരിച്ച് ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പിടിക്കപ്പെട്ട ഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അവരെ ചില്‍ഡ്രന്‍സ് ഹോമില്‍ തന്നെ തിരികെയെത്തിക്കുകയായിരുന്നു. അവിടെയെത്തിച്ചതില്‍ കുട്ടികള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാത്രിയോട് കൂടി അവര്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ചില്ല് തകര്‍ത്ത് ആ ചില്ലെടുത്ത് കൈമുറിക്കുകയായിരുന്നുവെന്നാണ് വിവരം.

കേസില്‍ പിടിയിലായ യുവാവ് തെറ്റുകാരല്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. മീഡിയയോട് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സിഡബ്ല്യൂസി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു കുട്ടികളുടെ പ്രതികരണം. പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ ഇക്കാര്യം വിളിച്ചു പറഞ്ഞതോട് അധികൃതര്‍ അവരെ പിടിച്ചുമാറ്റി.

യുവാവ് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പോക്‌സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പെണ്‍കുട്ടികളുടെ മൊഴി 164 ആക്ട് പ്രകാരം മജിസ്‌ടേറ്റിന് മുന്നില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു.

Top