‘അജിത്ത് ജീവിതം നശിപ്പിച്ചു’; നടന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി !

ചെന്നൈ: തമിഴ് താരം അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തു നീക്കി.

ഫര്‍സാന എന്ന നഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിലാണ് ഫര്‍സാന ജോലി ചെയ്തിരുന്നത്. അവിടേക്ക് ഒരിക്കല്‍ അജിത്തും ശാലിനിയും വന്നപ്പോള്‍ ഇരുവര്‍ക്കുമൊപ്പം നിന്ന് ഫര്‍സാന വിഡിയോ എടുത്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വിഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ച് ഫര്‍സാനയെ ജോലിയില്‍ നിന്ന് ആശുപത്രി അധികൃതര്‍ പുറത്താക്കി. ഇതേത്തുടര്‍ന്ന് ഫര്‍സാന ശാലിനിയെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ നടപടി ഒന്നും ആയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അജിത്തിന്റെ വീട്ടിലേക്ക് എത്തിയ ഫര്‍സാനയെ വീടിന് സുരക്ഷ നല്‍കുന്ന പൊലീസുകാര്‍ തടഞ്ഞിരുന്നു. ഫര്‍സാനയെ സമാധാനിപ്പിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവര്‍ കരയാന്‍ തുടങ്ങി.

മാത്രമല്ല, തീ കത്തിച്ച് ആത്മഹത്യക്ക് ശ്രമവും തുടങ്ങി. പെട്ടെന്ന് തന്നെ പൊലീസും അവിടെ എത്തിയ ചില നാട്ടുകാരും ചേര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചു. പിന്നീട് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.

അറസ്റ്റ് ചെയ്‌തെങ്കിലും കൗണ്‍സിലിങ് നല്‍കി ഫര്‍സാനയെ പൊലീസ് വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസൊന്നും എടുത്തിട്ടില്ല.

Top