കരിമ്പിന്റെ വിളവ് കുറഞ്ഞു; പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ

ദില്ലി: പഞ്ചസാര കയറ്റുമതി നിരോധിക്കാനൊരുങ്ങി രാജ്യം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഒക്ടോബർ മുതൽ പഞ്ചസാര കയറ്റുമതി ചെയ്യില്ല. വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവ് കുറഞ്ഞതാണ് കാരണമാണം.

മഹാരാഷ്ട്രയിലും കർണാടകയിലും മൺസൂൺ മഴ ശരാശരിയേക്കാൾ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ മഴ ലഭിക്കാത്തതിനാൽ വിളവിനെ ബാധിക്കും. ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുന്നതോടെ ആഗോള ഭക്ഷ്യ വിപണിയിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും

ഭക്ഷ്യ വിലക്കയറ്റത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിനകത്ത് വിതരണവും ന്യായമായ വിലയും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന സീസണിൽ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 3.3 ശതമാനം കുറഞ്ഞ് 31.7 ദശലക്ഷം ടണ്ണാകും. മുൻ സീസണിൽ 11.1 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ സീസണിൽ 6.1 ദശലക്ഷം ടൺ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാൻ ഇന്ത്യ മില്ലുകൾക്ക് അനുമതി നൽകിയിട്ടുള്ളൂ.

ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്ക് അടുത്തിടെ ഏർപ്പെടുത്തിയ നിരോധനം, ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തൽ തുടങ്ങിയ നടപടികളെ പിന്തുടർന്നാണ് പഞ്ചസാര കയറ്റുമതി നിർത്താനുള്ള നീക്കം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭക്ഷ്യവില നിയന്ത്രിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ.

ആഗോള വിപണിയിലെ പ്രധാന പഞ്ചസാര കയറ്റുമതിക്കാരായ ബ്രസീലിന് ഈ കുറവ് പൂർണ്ണമായും നികത്താനുള്ള കഴിവില്ലായ്മയും ആഗോള വിതരണ ആശങ്കകൾ വർദ്ധിപ്പിക്കും. പഞ്ചസാര കയറ്റുമതി നിർത്താനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള വിപണിയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

 

Top