പ്രശ്‌നങ്ങള്‍ പരിഹരിച്ചു; സൂഫിയും സുജാതയും ഇന്ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

കൊച്ചി: കോവിഡും ലോക്ക്ഡൗണും മൂലം മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ചിത്രം സൂഫിയും സുജാതയും ഇന്ന് രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ എത്തും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.

അതേസമയം, ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളുമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു.ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ റിലീസുമായി ബന്ധപ്പെട്ട് തനിക്ക് മുന്‍പില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് കത്ത് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റിലീസിനൊരുങ്ങിയ സാഹചര്യം തിയറ്റര്‍ ഉടമകള്‍ മനസിലാക്കുമെന്ന് കരുതുന്നതായും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് പ്രമേയം.

സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിര്‍മ്മാതാവ് വിജയ് ബാബു.

Top