ചരിത്രമാകാൻ സ്യൂ റെഡ്ഫെർൺ

പുരുഷന്മാരുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ വനിതാ അമ്പയറാകാന്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്യൂ റെഡ്‌ഫെര്‍. അടുത്തയാഴ്ച ഇംഗ്ലണ്ടില്‍ ഗ്ലാമോര്‍ഗനും ഡെര്‍ബിഷെയറും തമ്മിലുള്ള പുരുഷ ഫസ്റ്റ് ക്ലാസ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലാണ് 45 കാരിയായ സ്യൂ റെഡ്‌ഫെര്‍ അമ്പയര്‍ സ്ഥാനം വഹിക്കുക. 2022ല്‍ ഇസിബിയുടെ പ്രൊഫഷണല്‍ അമ്പയര്‍മാരുടെ ടീമിലെ അംഗമായി സ്യൂ റെഡ്‌ഫെര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പയറാകാനുള്ള അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം പ്രഖ്യാപിച്ചത്.

1995 ല്‍ പതിനേഴാം വയസ്സിലാണ് സ്യൂ റെഡ്‌ഫെര്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 1997 ലെ ലോകകപ്പ് ഉള്‍പ്പെടെ 1995 നും 1999 നും ഇടയില്‍ ഇംഗ്ലണ്ട് വനിതാ ടീമിനായി കളിച്ച താരം 2008 ലാണ് വിരമിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അമ്പയറിങ്ങായിരുന്നു റെഡ്‌ഫെറിന്റെ മേഖല. തുടക്കത്തില്‍ പ്രാദേശിക മത്സരങ്ങളില്‍ മാത്രമായിരുന്നു അമ്പയറിംഗ് ചെയ്തിരുന്നത്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് തമ്മിലുള്ള 2015 ഏകദിന മത്സരത്തില്‍ അമ്പയറിങ് ടീമിന്റെ ഭാഗമായിരുന്ന റെഡ്‌ഫെര്‍ ഫോര്‍ത്ത് അമ്പയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഐസിസി തിരഞ്ഞെടുത്ത നാല് വനിതാ അമ്പയര്‍മാരില്‍ ഒരാളായിരുന്നു റെഡ്‌ഫെര്‍. അതോടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുകയും വനിതാ ലോകകപ്പ് ടൂര്‍ണമെന്റില്‍ അമ്പയറായി നിലകൊള്ളുകയും ചെയ്ത ആദ്യ വനിതയായി റെഡ്‌ഫെര്‍. 2021 ല്‍ കാര്‍ഡിഫില്‍ നടന്ന ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫോര്‍ത്ത് അമ്പയറായിരുന്നു.

 

 

 

Top