ദൂരപരിധി കുറച്ച തീരുമാനം, ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം ; സുധീരന്‍

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച തീരുമാനം ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.

ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് രൂക്ഷ വിമര്‍ശനവുമായി സുധീരന്‍ രംഗത്തു വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മാത്രം മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഈ ഇളവ് അനുവദിക്കുന്നത്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍ വ്യവസ്ഥ.

കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്.സിഎസ്.റ്റി. കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച്, വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് വളരെ വ്യക്തമാണ്.

Top