Sudheeran’s decision on candidates list

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് സുധീരന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട 5 പേരില്‍ രണ്ട് പേരെ ഹൈക്കമാന്റ് മാറ്റിയാല്‍പോലും അത് സുധീരന്റെ തിളക്കമുള്ള വിജയമാകും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ള എ ഐ ഗ്രൂപ്പുകളിലെ മുന്‍നിര നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നിട്ടും ചിലരെയെങ്കിലും വെട്ടി നിരത്താന്‍ കഴിഞ്ഞാല്‍ ഇരു ഗ്രൂപ്പുകളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ സുധീരപക്ഷത്തേക്ക് കൂടുമാറാനാണ് സാധ്യത. ഇപ്പോള്‍ സ്‌ക്രീനിങ്ങ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പല യുവ വനിതാ നേതാക്കള്‍ക്ക് വേണ്ടിയും ശക്തമായി വാദിച്ചത് സുധീരനാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിനും സുധീരനെ ഇനി അങ്ങനെ കൈവിടാന്‍ പറ്റില്ല.

തൃക്കാക്കരയില്‍ ബെന്നി ബെഹന്നാന് പകരക്കാരനായി എ ഗ്രൂപ്പിലെ തന്നെ പ്രമുഖ നേതാവ് പി ടി തോമസിനെ നിര്‍ദ്ദേശിച്ച വി.എം. സുധീരന്‍ ഇരിക്കൂറിലും നിലമ്പൂരിലും മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളായ സതീശന്‍ പാച്ചേനിയേയും വി വി പ്രകാശിനെയുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ സതീശന്‍ പാച്ചേനിക്ക് നറുക്ക് വീഴാനാണ് സാധ്യത.

പത്തനംതിട്ടയില്‍ ഐ ഗ്രൂപ്പ് നേതാവായ മന്ത്രി അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ പേരും പാറശാലയില്‍ എ ടി ജോര്‍ജ്ജിന് പകരം മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നെയ്യാറ്റിന്‍കര സനലിന്റെ പേരുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏവരും ഉറ്റുനോക്കുന്ന തൃപ്പൂണിത്തറയില്‍ കെ ബാബുവിന് പകരം പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് വേണുഗോപാലിന്റെ പേരാണ് സുധീരന്‍ നിര്‍ദ്ദേശിക്കുന്നത്.
കെപിസിസി പ്രസിഡന്റ് വെട്ടാന്‍ ആയുധമാക്കുന്നത് തങ്ങളുടെ തന്നെ ഗ്രൂപ്പിലെ നേതാക്കളെ ആയതിനാല്‍ വെട്ടിലായ എ ഐ ഗ്രൂപ്പുകള്‍ സുധീരന്‍ നിര്‍ദ്ദേശിച്ചവര്‍ ഇനി ഗ്രൂപ്പിനോട് വിടപറയുമെന്ന ആശങ്കയിലാണ്.

ഇവര്‍ക്കെല്ലാം സ്വന്തം തട്ടകത്തില്‍ ശക്തമായ സ്വാധീനമുള്ളത് സുധീരന്‍ തങ്ങള്‍ക്കതിരായ നീക്കത്തിന് ഉപയോഗിക്കുമോ എന്ന ഭയവും ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്. അതേ സമയം കോണ്‍ഗ്രസിന്റെ താഴെ തട്ട് മുതല്‍ ജില്ലാ ഘടകം വരെയുള്ള ഭൂരിഭാഗം നേതാക്കളും സുധീരന്റെ നിലപാടിനൊപ്പമാണ്.

മണ്ഡലങ്ങള്‍ കുത്തകയായി വയ്ക്കുന്നവരും ആരോപണ വിധേയരും മാറി നിന്ന് പുതിയ തലമുറക്ക് വഴി ഒരുക്കണമെന്ന നിലപാടിലാണ് അവര്‍. ഇപ്പോഴത്തെ ‘യുദ്ധത്തില്‍’ സുധീരന്‍ ജയിച്ചാല്‍ തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിന് ഭൂരിപക്ഷം അഥവാ കിട്ടിയാല്‍ തന്നെ മന്ത്രിപദ മോഹികള്‍ക്ക് സുധീരന്‍ വെല്ലുവിളിയാകും.

എന്നാല്‍ ഇതിനിടെ എ ഗ്രൂപ്പ് നേതാക്കള്‍ക്കുവേണ്ടി സ്വയം ത്യാഗം ചെയ്യാന്‍പോലും തയാറായ ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഗ്രൂപ്പ് നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിലുള്ള നേതാക്കള്‍ വെട്ടിനിരത്തപ്പെട്ടാലും ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള വിധേയത്വം ശക്തമായി തുടരുമെന്ന നിലപാടിലാണ് എ ഗ്രൂപ്പിലെ പ്രബല വിഭാഗം.

Top