sudheeran,oommen chandy,chennithala press meet

തിരുവനന്തപുരം: ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഐക്യസന്ദേശം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എന്നിവര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. കെപിസിസി ആസ്ഥാനത്തായിരുന്നു സംയുക്ത വാര്‍ത്താ സമ്മേളനം.

കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ പ്രവര്‍ത്തനമാണ് ഐക്യജനാധിപത്യ മുന്നണി നടത്തി വരുന്നത്. മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം കിട്ടി എന്നത് അഭിമാനകരമായ കാര്യമാണ്. ലഹരി വിമുക്ത കേരളമാണ് യുഡിഎഫിന്റെ ലക്ഷ്യം. കേരളത്തെ സമ്പൂര്‍ണ്ണ മദ്യനിരോധനത്തില്‍ എത്തിക്കുമെന്നും സുധീരന്‍ അറിയിച്ചു.

സോണിയയുമായി നടത്തിയ ചര്‍ച്ച പ്രയോജനകരവും ആവേശകരവുമാണ്. ദേശീയതലത്തിലടക്കം കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മുന്നോട്ടു പോകണമെന്നാണ് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം. കേരളത്തിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. യുഡിഎഫിനെ ഒറ്റെക്കട്ടായി മുന്നോട്ട് കൊണ്ടു പോകുമെന്നും സുധീരന്‍ വ്യക്തമാക്കി.

യുഡിഎഫ് ഘടകകക്ഷികള്‍ ആഗ്രഹിക്കുന്നത് ഐക്യത്തോടെ മുന്നോട്ട് പോകാനാണ്. യാതൊരു തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുമില്ലാതെ ഒരേ മനസ്സോടെ നേതാക്കളും പ്രവര്‍ത്തകരും ഇറങ്ങേണ്ട സയമായിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

ഐക്യത്തിന് പോറലേല്‍പ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിയ്ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

ജനരക്ഷായാത്ര ജനുവരി നാലിന് കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി 9ന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും സുധീരന്‍ അറിയിച്ചു.

സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനരക്ഷായാത്രയുടെ വിജയവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പറഞ്ഞ അഭിപ്രായങ്ങള്‍ കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണ്. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. കേരളത്തില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാക്കുക എന്ന ദൗത്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തര്‍ക്കങ്ങളൊഴിവാക്കി ഒത്തൊരുമയോടെ പോകണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു വാര്‍ത്താ സമ്മേളനം. കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ കേരളാ കോണ്‍ഗ്രസ് എം, മുസ്ലീംലീഗ്, കോരളാ കോണ്‍ഗ്രസ് ജേക്കബ് എന്നീ ഘടകകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു.

മുന്നണിക്കുള്ളില്‍ ഐക്യം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഘടകകക്ഷി നേതാക്കള്‍ സോണിയയെ അറിയിച്ചിരുന്നു.

Top