എരപ്പാളി പരാമര്‍ശത്തിന് സുധീരന്റെ മറുപടി ; വെള്ളാപ്പള്ളിയുടെ സംസ്‌കാരത്തിന്റെ തെളിവ്‌

VM sudheeran

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി.എം സുധീരന്‍. എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരുന്ന് ശ്രീനാരായണഗുരു വിലക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് വി.എം സുധീരന്‍ കുറ്റപ്പെടുത്തി. തികഞ്ഞ ഗുരുനിന്ദ നടത്തുന്ന വെള്ളാപ്പള്ളി ജനങ്ങള്‍ക്കിടയില്‍ സ്വയം പരിഹാസ്യനാകുകയാണെന്നും, അദ്ദേഹത്തിന്റ അഭ്രിപായങ്ങള്‍ സ്വന്തം നിലവാരത്തിന്റേയും സംസ്‌കാരത്തിന്റേയും തെളിവാണന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു പ്രസംഗത്തിന്റ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സുധീരന്‍ എരപ്പാളിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഇന്നലത്തെ പ്രസ്താവന. പൊതു പരിപാടിയില്‍ വച്ചായിരുന്നു സുധീരനെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം. തന്നെ ജയിലില്‍ അടയ്ക്കാന്‍ അന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരനെന്നും, സുകുമാരന്‍ നായര്‍ ആയിരുന്നുവെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നുവോ എന്നുമാണ് വെള്ളാപ്പള്ളി ചോദിച്ചത്. എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ വച്ച് തൊഴിച്ച് ഇറക്കി വിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോഴിക്കോട് മാൻഹോളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായിട്ടാണ് എല്ലാവരും കണ്ടത്. എന്നാൽ നൗഷാദിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച സർക്കാർ നടപടിയെ ആക്ഷേപിക്കാനും വർഗീയവൽക്കരിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. ഇതിനെതിരെ വ്യാപകവും ശക്തവുമായ പ്രതിഷേധം ഉയർന്നിരുന്നു.

നൗഷാദിന്റെ ജീവത്യാഗത്തിന്റെ നന്മയും മഹത്വവും ഉൾക്കൊള്ളുന്നതിന് പകരം ആ സംഭവത്തെ തുടർന്ന് മതവിദ്വേഷവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വളർത്താൻ ഇടവരുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി ആലുവയിൽ നടത്തിയത്. ഇത് നിയമവിരുദ്ധമാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പേരിൽ കേസ്സെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത് ശരിയായ നടപടിയാണെന്ന് ഇന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഇത്തരത്തിലുള്ള നടപടി വെള്ളാപ്പള്ളിയുടെയോ മറ്റാരുടെയോ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ശക്തമായ നിലപാട് തന്നെയായിരിക്കും ഇനിയും ഞാൻ സ്വീകരിക്കുക.

ജാതിമതങ്ങൾക്കതീതമായി മനുഷ്യനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകിയ ശ്രീനാരായണഗുരുസ്വാമികളുടെ ധർമ്മപരിപാലനത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് എസ്എൻഡിപി യോഗം.ആ മഹാ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി പദത്തിലിരുന്ന് ഗുരു അരുതെന്ന് വിലക്കിയ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്തു വരുന്ന വെള്ളാപ്പള്ളി നടത്തിവരുന്നത് തികഞ്ഞ ഗുരുനിന്ദയാണ്.

താനിരിക്കുന്ന പദവിയെ തന്നെ അവഹേളിക്കുന്ന രീതിയിൽ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ജനങ്ങൾക്കിടയിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങൾ സ്വന്തം നിലവാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനങ്ങൾ മാത്രമാണ്.

Top