sudheeran-pressmeet

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. വ്യക്തിയോടോ, വ്യക്തികളോടോ ഉള്ള വിരോധം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ല. വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കും. തന്റെ അഭിപ്രായം പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടിയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെയുണ്ടാകും. നീണ്ടുപോകുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക പുറത്ത് വരുമ്പോള്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍, അതെല്ലാം വിസ്മരിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് സുധീരന്‍ ഓര്‍മിപ്പിച്ചു.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കാര്യം നേരത്തെ നേതൃത്വത്തെ അറിയിച്ചതാണ്.

ടി എന്‍ പ്രതാപന്‍ കയ്പമംഗലത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു എന്ന പ്രചരണം ശരിയല്ല. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. മത്സരിക്കാനില്ലെന്നാണ് പ്രതാപന്‍ ആവര്‍ത്തിച്ചതെന്നും സുധീരന്‍ പറഞ്ഞു.

എല്ലാവശങ്ങളും നോക്കി സംശുദ്ധ,ജനസേവന രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് സ്ഥാനാര്‍ഥി പട്ടിയിലുള്ളത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ വികസന തുടര്‍ച്ചയ്ക്ക് വേണ്ടി ജനങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top