സുധീരനും കുര്യനും തനിക്ക് വേണ്ടപ്പെട്ടവരാണ് ; ആരോപണങ്ങള്‍ക്ക് മറുപടിപറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി

oommen chandy

ന്യൂഡല്‍ഹി: വി.എം.സുധീരനും പി.ജെ.കുര്യനും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എന്തൊക്കയാണ് നടന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ഇവര്‍ രണ്ട് പേരും തനിക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ വിവാദം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാതിരിക്കാനാണ് ആന്ധ്രയില്‍ പോയത് എന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. കെ.പി.സി.സി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടാണ് താന്‍ ആന്ധ്രയില്‍ പോയതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അവിടെ നേതാക്കളുമായി കൂടിയാലോചന നിശ്ചയിച്ചിട്ട് അത് റദ്ദാക്കാന്‍ കഴിയാത്തുകൊണ്ടാണ് ഇവിടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കുര്യനും സുധീരനും ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി താത്പര്യങ്ങളാണ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ കാരണമെന്നാണ് കുര്യന്‍ ആരോപിച്ചത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് എന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്താനായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ് ഇതിലും നല്ല ജനകീയനായ നേതാവ് പാര്‍ട്ടിയിലുണ്ട്. ഞാന്‍ ജനകീയനൊന്നുമല്ല.

എ ഗ്രൂപ്പിലായിരുന്നപ്പോള്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചയാളാണ് ഉമ്മന്‍ചാണ്ടി. തന്നെ ഒഴിവാക്കാനാണ് ഉമ്മന്‍ചാണ്ടി മുസ്ലീം പ്രാതിനിധ്യം ഉണ്ടെന്ന് വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് യുവ എംഎല്‍എമാര്‍ അവഹേളിച്ചത്.സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിച്ച് പോലും പറയാന്‍ ഉമ്മന്‍ ചാണ്ടി മര്യാദ കാണിച്ചില്ലെന്നും കുര്യന്‍ ആരോപിച്ചു. അതേസമയം യുവ എംഎല്‍എമാര്‍ അവഹേളിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നും കുര്യന്‍ പറഞ്ഞു. യുവാക്കളുടെ പരാതി ഉമ്മന്‍ചാണ്ടി തിരുത്താന്‍ ശ്രമിച്ചില്ലെന്നും കുര്യന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഒരുപടി കൂടി കടന്ന് കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ സുധീരന്‍ ഉന്നയിച്ചിരുന്നു. ഹൈക്കമാന്‍ഡിനെ മറികടന്നു പോലും ഉമ്മന്‍ ചാണ്ടി തീരുമാനങ്ങള്‍ എടുത്തുവെന്ന് സുധീരന്‍ ആരോപിച്ചിരുന്നു. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനായ അന്ന് മുതല്‍ എനിക്ക് ഏറെ സ്‌നേഹമുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നോട് നിസ്സഹകരണമാണ് കാട്ടിയത്.

Top