സുധീരനായിരുന്നെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി നടക്കില്ല; വടംവലിയില്‍ കാഴ്ചക്കാരനായി മുല്ലപ്പള്ളി

തിരുവനന്തപുരം: സുധീരന്റെ മാഹാത്മ്യം യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഗ്രൂപ്പ് വടംവലിയില്‍ നട്ടംതിരിഞ്ഞ് വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥി പട്ടിക വൈകിയതില്‍ ക്ഷുഭിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഒറ്റ മനസോടെ പറയുന്നത് വി.എം സുധീരനായിരുന്നു കെ.പി.സി.സി പ്രസിഡന്റെങ്കില്‍ ഈ കളി നടക്കില്ലായിരുന്നു എന്ന്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുപക്ഷത്തുമായി അണിനിരത്ത് നടത്തുന്ന വടംവലിയില്‍ കാഴ്ചക്കാരന്റെ റോളിലേക്കു മാറിയിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സീറ്റ് ചര്‍ച്ച നടക്കുന്നതെന്ന് തുറന്നടിച്ച് സുധീരനും രംഗത്ത് വന്ന് കഴിഞ്ഞു . ഗ്രൂപ്പ് താല്‍പര്യവും കടുംപിടുത്തവും മാറ്റിവെക്കണമെന്നതാണ് അദ്ദേഹത്തിന്റ നിലപാട് .

വയനാട്ടിലും വടകരയിലും തട്ടിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിരുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മത്സരിക്കാനില്ലെന്നു പറഞ്ഞു പിന്‍വാങ്ങിയിട്ടും വയനാട്ടില്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിലുള്ള കാലതാമസം കേരളത്തില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ഒന്നാകെ അവതാളത്തിലാക്കിയിരുന്നത്.

കോണ്‍ഗ്രസിന് കൂടുതല്‍ വിജയസാധ്യതയുള്ള വയനാട്ടില്‍ ഐ ഗ്രൂപ്പിനു വേണ്ടി രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിലെ ടി. സിദ്ദിഖിനു വേണ്ടി ഉമ്മന്‍ചാണ്ടിയും പിടിമുറുക്കിയതാണ് ഹൈക്കമാന്റിനെപ്പോലും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ വിജയസാധ്യത നിലനിര്‍ത്തിയ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയാണ് വയനാട്ടിലെ തര്‍ക്കങ്ങള്‍.

സ്വന്തം മണ്ഡലമായ വടകരയില്‍ മത്സരിക്കാതെ മാറി നിന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് അവിടെ വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് കാസര്‍ഗോട്ട് സീറ്റു നല്‍കിയത് മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുല്ലപ്പള്ളിയുടെ ഇടപെടല്‍.

സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പു മാനേജര്‍മാരായ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കടുംപിടുത്തങ്ങള്‍ക്ക് വഴങ്ങിയിരുന്നില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നിഷേധിച്ചതോടെ ഇടതുമുന്നണിവിട്ട ആര്‍.എസ്.പിയെ യു.ഡി.എഫില്‍ കൊണ്ടുവരികയും പ്രേമചന്ദ്രനെ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തതില്‍ സുധീരന്റെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്. സുധീരന്റെ സീറ്റായിരുന്ന ആലപ്പുഴയില്‍ സോളാര്‍ വിവാദം ഉയര്‍ന്നിട്ടും കെ.സി വേണുഗോപാലിനെ മത്സരിപ്പിച്ച് വിജയിപ്പിച്ചതില്‍ സുധീരന്റെ പങ്ക് ഏറെ വലുതാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ബെന്നി ബെഹന്നാന് സീറ്റ് നിഷേധിച്ചും ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ കെ.ബാബുവിന് സീറ്റു നല്‍കരുതെന്നും സുധീരന്‍ നിലപാടെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വാശിയില്‍ കെ. ബാബുവിന് തൃപ്പൂണിത്തുറയില്‍ മത്സരിക്കാനായെങ്കിലും അവിടെ ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജിനോട് പരാജയമേറ്റുവാങ്ങേണ്ടി വന്നു. ബെന്നി ബെഹന്നാനെ മാറ്റി തൃക്കാക്കരയില്‍ സുധീരന്റെ നോമിനിയായി പി.ടി തോമസിനെ ഇറക്കിയപ്പോള്‍ തിളക്കമാര്‍ന്ന വിജയവും സ്വന്തമായി.

കോണ്‍ഗ്രസ് പുനസംഘടനയില്‍ ഗ്രൂപ്പ് മാനേജര്‍മാരെ നിര്‍ദ്ദേശം അവഗണിച്ചാണ് സുധീരന്‍ ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചതും. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വരച്ചവരയില്‍ നിര്‍ത്തി സീറ്റ് വിഭജനം പൂര്‍ത്തീകരിക്കാനുള്ള സുധീരന്റെ ഇഛാശക്തി മുല്ലപ്പള്ളിക്കില്ലാത്താണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വികാരം കോണ്‍ഗ്രസില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Top