Sudheeran may be out because of OOmmen chandy issue

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വന്നാല്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും മാറ്റാന്‍ ചരട് വലികള്‍.

എ-ഐ ഗ്രൂപ്പുകളാണ് സുധീരനെതിരെയും തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനാണ് നീക്കം. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും തെറിച്ചേക്കും. ഇരു ഗ്രൂപ്പുകള്‍ക്കും സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന ആശങ്കയുമുണ്ട്. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് പരസ്യമായി രംഗത്ത് വന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടുകളാണ് സര്‍ക്കാരിനെ ഏറെ പ്രതിരേധത്തിലാക്കിയതെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആരോപണം.

പ്രതിപക്ഷ നേതൃസ്ഥാന കാര്യത്തില്‍ കെപിസിസി നേതൃത്വവും ഹൈക്കമാന്റും സ്വീകരിക്കുന്ന നിലപാടുകളാണ് ഇക്കാര്യങ്ങളിലെല്ലാം നിര്‍ണ്ണായകമാവുക.

പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുക്കാനില്ല എന്ന് ഫലപ്രഖ്യാപനം വന്ന ഉടനെ ഉമ്മന്‍ ചാണ്ടി വിശ്വസ്ഥരെ അറിയിച്ചിരുന്നെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍തിരിയണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരു നേതാവിനെ എ ഗ്രൂപ്പിന് മുന്നോട്ട് വയ്ക്കാനില്ല എന്നതാണ് കാരണം.

ജയിച്ച് വന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരായതിനാല്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഇത്തരമൊരു അവകാശവാദമാണ് ഉയരുന്നതെങ്കില്‍ കെ മുരളീധരനെ മുന്‍നിര്‍ത്തി ഐ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ചെന്നിത്തല സര്‍ക്കാരിന്റെ ഭാഗമായിരുന്ന ആളായതിനാല്‍ തോല്‍വിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ വാദം.
മുസ്ലീംലീഗ്-കേരള കോണ്‍ഗ്രസ് തുടങ്ങിയ ഘടകകക്ഷികളുടെ നിലപാട് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാക്കാനും എ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ട്.

കഴിഞ്ഞ അനവധി വര്‍ഷങ്ങളായി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്ന പി പി തങ്കച്ചന് സ്ഥാനം തെറിക്കുമെന്ന കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമില്ല.

ഐ ഗ്രൂപ്പിനാണ് പ്രതിപക്ഷ നേതൃസ്ഥാനമെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എ ഗ്രൂപ്പ് നോമിനിയാകും വരിക.

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് തലപ്പത്ത് പ്രതിഷ്ഠിക്കാനായിരിക്കും ഇത്തരമൊരു സാഹചര്യത്തില്‍ എ ഗ്രൂപ്പ് നേതൃത്വം താല്‍പര്യമെടുക്കുക.

അതേസമയം പ്രതിപക്ഷ നേതാവായി ഏത് നേതാവാണോ വരുന്നത് ആ നേതാവിന് തന്നെയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പരിഗണിക്കപ്പെടുക എന്നതിനാല്‍ ഒരു കാരണവശാലും നേതൃസ്ഥാനം വിട്ടു കൊടുക്കരുതെന്ന കര്‍ക്കശ നിലപാടില്‍ എ ഗ്രൂപ്പ് ഒറ്റക്കെട്ടാണ്.

പരാജയം കൂട്ടുത്തരവാദിത്വമാണ് എന്ന് പറയുമ്പോഴും 14 മന്ത്രിമാര്‍ ജയിച്ചുവെന്നത് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയാതെ വന്നതിലുള്ള തിരിച്ചടിയാണുണ്ടായത് എന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നത്.

അടുത്ത കെപിസിസി നേതൃയോഗത്തില്‍ വലിയ പൊട്ടിത്തെറിക്കാണ് കനത്ത തോല്‍വി കളമൊരുക്കിയിട്ടുള്ളത്.

Top