Sudheeran may be as a candidate in assembly election

ന്യൂഡല്‍ഹി: വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ മത്സരിക്കും. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമികമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഏകദേശ തീരുമാനമായതായാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് ശേഷം ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. യുഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടും. സോളാര്‍-ബാര്‍കോഴ വിവാദങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഇരുവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും ചെന്നിത്തല ഹരിപ്പാടും തന്നെ വീണ്ടും ജനവിധി തേടും. സുധീരന്‍ തൃശൂര്‍ ജില്ലയിലെയോ ആലപ്പുഴ ജില്ലയിലെയോ സുരക്ഷിത മണ്ഡലത്തിലായിരിക്കും ജനവിധി തേടുക.

മുഖ്യമന്ത്രി ആരാകുമെന്ന് ഉയര്‍ത്തിക്കാട്ടാതെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്ന ഇടതുപക്ഷത്തിന്റെ നിലവിലെ നിലപാട് തുടരുകയാണെങ്കില്‍ അതേ മാര്‍ഗ്ഗം തന്നെ യുഡിഎഫിനും സ്വീകരിക്കാമെന്ന നിലപാടും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ഗ്രൂപ്പ് വടംവലികളും പ്രതിച്ഛായ ഉയര്‍ത്തുന്ന വെല്ലുവിളികളും അതിജീവിക്കാന്‍ ഇത്തരമൊരു നിലപാട് സഹായകരമാകുമെന്ന് കണ്ടാണിത്.

എന്നാല്‍ ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാഞ്ഞത് ബിജെപിയുടെ തിരിച്ചടിക്ക് പ്രധാന കാരണമായതിനാല്‍ പ്രബുദ്ധരായ വോട്ടര്‍മാരുള്ള കേരളത്തില്‍ ഈ നിലപാട് തിരിച്ചടിയാകുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഉയര്‍ത്തിക്കാട്ടി സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ വി.എം സുധീരനെ ഉയര്‍ത്തിക്കാട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം. സോണിയാ ഗാന്ധിക്കും ഇതേ നിലപാട് തന്നെയാണ് ഉള്ളത്.

ഇപ്പോഴത്തെ ബാര്‍കോഴ,സോളാര്‍ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ഹൈക്കമാന്റിന് ആശങ്കയുണ്ട്.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള ലാവ്‌ലിന്‍ കേസിലാണ് യുഡിഎഫിന്റെയും ഹൈക്കമാന്റിന്റെയും സകല പ്രതീക്ഷകളും. കോടതി വിധി പിണറായിക്കെതിരായാല്‍ സിപിഎം പ്രതിരോധത്തിലാകുമെന്നും ഇത് ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാമെന്നുമാണ് കണക്കുകൂട്ടല്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കുമെന്നും അഭ്യൂഹമുണ്ട്.

Top