‘സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായം’; സുധാകരന്റെ നിലപാടിൽ പ്രതികരിച്ച് ശശിതരൂർ

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേതാക്കളും പി.സി.സികളും പരസ്യമായി തനിക്ക് എതിരെ രം​ഗത്തെത്തിയതിൽ പ്രതികരണവുമായി ശശി തരൂർ. പരസ്യ നിലപാടുകളിൽ എന്ത് നടപടിയെടുക്കണം എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നാണ് തരൂരിന്റെ നിലപാട്. അതേസമയം  ഔദ്യോ​ഗിക സ്ഥാനാർഥി മല്ലികാർജുൻ ഖാർ​ഗെയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച സുധാകരന്റെ നിലപാടിനെ കുറിച്ചും തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് തരൂർ പറഞ്ഞത്.

തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം ഇന്നലെയാണ് ഇറങ്ങിയത്. താനല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. എ.ഐ.സി.സിയാണ്. കെപിസിസി അധ്യക്ഷനായല്ല, ഒരു വ്യക്തിയായി സുധാകരന്‍ അദ്ദേഹത്തിന്റെ താല്‍പര്യം അറിയിച്ചു എന്നാണ് കരുതുന്നത്. അതിലൊരു തെറ്റും കാണുന്നില്ല. കാരണം എല്ലാ വ്യക്തികള്‍ക്കും അങ്ങനെ ചെയ്യാം.

”എന്നാൽ നിര്‍ദേശം കൊടുക്കാന്‍ പാടില്ലെന്ന് സര്‍ക്കുലര്‍ ഉണ്ട്. പദവി വഹിക്കുന്ന വ്യക്തികള്‍ ഇങ്ങനെ തുറന്നുപറയരുതെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇനി ഇതേക്കുറിച്ച് പറയേണ്ടത് താനല്ല, തെരഞ്ഞെടുപ്പ് അതോറിറ്റിയാണ്”- തരൂര്‍ പറഞ്ഞു. തെലങ്കാന പി.സി.സിയുടെ നിലപാടിലും തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മറുപടി പറയേണ്ടത്. മറ്റുള്ളവരുടെ മനസ് നോക്കേണ്ട ആവശ്യം തനിക്കില്ല എന്നും തരൂർ വ്യക്തമാക്കി.

 

 

Top