സുധാകരന്റെ ‘അജണ്ട’ വേറെയാണ്, പിണറായിക്കൊത്ത എതിരാളി ലക്ഷ്യം

ഫ് റെക്കോര്‍ഡില്‍ പറഞ്ഞാലും അതല്ലാതെ മൊഴിഞ്ഞാലും പുറത്തു വന്നു കഴിഞ്ഞാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ബ്രണ്ണന്‍ കോളജില്‍ തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ പ്രതികരണത്തിനാണ് പിണറായി വിജയന്‍ മറുപടി കൊടുത്തിരിക്കുന്നത്. ഇതിന് സുധാകരന്‍ ഇപ്പോള്‍ നല്‍കിയ മറുപടിയും ഏറെ പ്രകോപനപരമാണ്. പുറത്തു വന്ന വെളിപ്പെടുത്തല്‍ ശരിയാണെന്നാണ് സുധാകരന്‍ വാദിക്കുന്നത്. സാക്ഷിയായി അദ്ധ്യാപകരെ ഹാജരാക്കാം എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും സാക്ഷികളുണ്ടെങ്കില്‍ അവര്‍ സുധാകരന്റെ ശിങ്കിടികള്‍ അല്ല എന്നു ഉറപ്പുണ്ടെങ്കില്‍ പൊതു സമൂഹത്തിനു മുന്നില്‍ എത്രയും പെട്ടന്ന് ഹാജരാക്കുകയാണ് വേണ്ടത്. അതിനു കഴിഞ്ഞില്ലങ്കില്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനവും എം.പി സ്ഥാനവും രാജിവച്ച് ഒഴിയുകയാണ് വേണ്ടത്.

തന്റെ വാര്‍ത്താ സമ്മേളനത്തിലേക്ക് പുതിയ ഒരു അവതാരത്തെയും സുധാകരന്‍ പ്രത്യക്ഷപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് കണ്ണോത്ത് ഗോപി എന്ന ഈ അവതാരം സുധാകരന്റെ സാന്നിധ്യത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പണ്ട് തന്നെ കൊടുവാള്‍ കൊണ്ടു വെട്ടിയെന്നാണ് മുന്‍ ഐ.എന്‍.ടി.യു.സി നേതാവ് കൂടിയായ കണ്ണോത്ത് ഗോപി ആരോപിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് പിണറായി വിജയനെന്ന മറ്റൊരു ആരോപണവും സുധാകരന്‍ ഉന്നയിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറിയ ചരിത്രമുള്ള കേരളത്തില്‍ എത്ര കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ വന്നു പോയി എന്നതു പോലും സുധാകരന്‍ മറന്നു പോയോ? ക്രിമിനല്‍ കേസുകളില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ എത്ര വര്‍ഷം കഴിഞ്ഞാലും പുനരന്വേഷണം നടത്താം എന്ന കാര്യം അറിയാത്ത ആളൊന്നുമല്ല സുധാകരന്‍ എന്നതും നാം ഓര്‍ക്കണം.

കൊടും ശത്രുവായ പിണറായിയെ പൂട്ടാന്‍ കിട്ടുന്ന ഒരവസരവും സുധാകരന്‍ പാഴാക്കുകയില്ല. സുധാകരന്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പോലും അതിനു അദ്ദേഹം തയ്യാറായില്ല എന്നതില്‍ തന്നെ ആരോപണത്തിലെ പൊള്ളത്തരവും വ്യക്തമാണ്. താന്‍ ഒരു കൊലക്കേസിലും പ്രതിയല്ല ഒരു ഗുണ്ടയുമല്ലന്നുമാണ് സുധാകരന്‍ ഈ ആരോപണങ്ങളിലൂടെ എല്ലാം സ്ഥാപിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പോലും പ്രകോപനപരമായാണ് സുധാകരന്‍ പെരുമാറിയിരിക്കുന്നത്. പിണറായിക്ക് ബദല്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഈ നീക്കം ഫലത്തില്‍ യു.ഡി.എഫിനാണിപ്പോള്‍ തലവേദനയായിരിക്കുന്നത്. സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ഏറെ സന്തോഷിക്കുന്നത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

കോണ്‍ഗ്രസ്സില്‍ സംഘപരിവാര്‍ നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാവും കെ.സുധാകരനാണ്. സംഘ പരിവാര്‍ സി.പി.എം സംഘര്‍ഷങ്ങളില്‍ എക്കാലത്തും സി.പി.എമ്മിനെതിരായ നിലപാടാണ് സുധാകരന്‍ സ്വീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ സുധാകരനെ ബി.ജെ.പിയുടെ ബി ടീമായാണ് സി.പി.എമ്മും വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെ ചവിട്ടി വീഴ്ത്തിയതായ സുധാകരന്റെ ആരോപണത്തെ തീക്കട്ടയില്‍ ഉറുമ്പരിക്കുമോ?  എന്ന ചോദ്യമുയര്‍ത്തിയാണ് സി.പി.എം പ്രവര്‍ത്തകര്‍ ഇപ്പോള്‍ നേരിടുന്നത്. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ ആ ഉറുമ്പിന്റെ അവസ്ഥ എന്തായിരിക്കും എന്നതും സുധാകരന്‍ അനുകൂലികളെ സി.പി.എം പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഈ എഴുപതിയാറാം വയസ്സിലും പിണറായിക്ക് എതിരാളികളെ വിറപ്പിച്ച് നിര്‍ത്താന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ യൗവ്വന കാലഘട്ടത്തിലെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാവാന്‍ സാധ്യതയില്ല.

തികഞ്ഞ അഭ്യാസികൂടിയായ പിണറായിയാണോ ചവിട്ടി വീഴ്ത്തപ്പെട്ടത് അതോ പിണറായിയില്‍ നിന്നും സുധാകരനും അനുയായികളുമാണോ അടിമേടിച്ചത് എന്നതാണ് ഇനി അറിയേണ്ടത്. സാമാന്യ യുക്തിയില്‍ ചിന്തിച്ചാല്‍ ആര്‍ക്കും തന്നെ പിടി കിട്ടുന്ന കാര്യമാണിത്. പിണറായിയെ ചെത്തുകാരന്റെ മകനെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോഴും ബ്രണ്ണന്‍ കോളജ് കാലഘട്ടം മുന്‍പ് പല തവണ ആവര്‍ത്തിച്ചപ്പോഴും പറയാത്ത കഥകളാണ് ഇപ്പോള്‍ സുധാകരന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ തുറന്നു കാട്ടുന്നതാണ്. കെ.പി.സി.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സുധാകരന്‍ റൂട്ട് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായിക്ക് ഒത്ത എതിരാളി താനാണെന്ന് സ്ഥാപിക്കാനുള്ള പാഴ് ശ്രമങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ഗുണ്ടായിസം കാണിച്ച് കേരള ഭരണം പിടിക്കാമെന്നതാണ് സുധാകരന്റെ സ്വപ്‌നമെങ്കില്‍ അത് ഒരിക്കലും രാഷ്ട്രീയ കേരളത്തില്‍ വിലപ്പോവുകയില്ലന്നാണ് സി.പി.എം നേതൃത്വവും ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘അടി ‘ എന്ന് എഴുതി കാണിച്ചാല്‍ പോലും ഓടിയൊളിക്കുന്ന ഖദര്‍ ധാരികളാല്‍ സമ്പന്നമായ നാട്ടില്‍ സുധാകരന്റെ വീരവാദങ്ങള്‍ കോണ്‍ഗ്രസ്സിനെ തന്നെയാണ് നിലവില്‍ പരിഹാസ്യമാക്കിയിരിക്കുന്നത്. താന്‍ കരുത്തനെന്ന് വരുത്തി തീര്‍ത്താല്‍ അത് കോണ്‍ഗ്രസ്സിന് കരുത്തായി മാറുമെന്ന് യഥാര്‍ത്ഥത്തില്‍ ആരാണ് സുധാകരന് പറഞ്ഞു കൊടുത്തിരിക്കുന്നത്? സുധാകരന്റെ വീരവാദം സോഷ്യല്‍ മീഡിയകളില്‍ കൂടി ആഘോഷമാക്കുന്ന മുസ്ലീം ലീഗ് അണികളും ചരിത്രം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌കോയ ബ്രണ്ണന്‍ കോളേജില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും ആ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ച ഒരു പാരമ്പര്യവു, ഈ നേതാവിനുണ്ട്. ഇക്കാര്യം അക്കാലത്ത് ബ്രണ്ണന്‍ കോളജില്‍ പഠിച്ചവര്‍ തന്നെയാണ് ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരില്‍ സുധാകരനെ വാഴ്ത്തുന്ന ലീഗ് അണികള്‍ ഇക്കാര്യവും ശരിക്കും ഓര്‍ത്തു കൊള്ളണം. ബ്രണ്ണന്‍ കോളജില്‍ എതിരാളികളെ സുധാകരനും സംഘവും ആക്രമിക്കാന്‍ വന്നപ്പോള്‍ അതിനെ ചെറുക്കാന്‍ നേതൃത്വം നല്‍കിയ നേതാവാണ് പിണറായി വിജയന്‍. അക്കാലത്ത് എസ്.എഫ്.ഐയുടെ പഴയ രൂപമായ കെ.എസ്.എഫിന് വളരെ കുറച്ച് പ്രവര്‍ത്തകര്‍ മാത്രമേ ബ്രണ്ണന്‍ കോളജില്‍ ഉണ്ടായിരുന്നൊള്ളൂ. ഇക്കാര്യം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങളായിരുന്നു കേമന്‍മാര്‍ എന്നു സ്ഥാപിക്കാന്‍ സുധാകരന്‍ ശ്രമിച്ചിരിക്കുന്നത്.

കെ.എസ്.എഫ് ആയാലും എസ്.എഫ്.ഐ ആയാലും അവര്‍ക്ക് എതിരാളികളെ ചെറുക്കാന്‍ എണ്ണം കൂടുതല്‍ ആവശ്യമില്ലന്നത് പണ്ടേ തെളിയിച്ച കാര്യമാണ്. അതു കൊണ്ടാണ് കെ.എസ്.യു എന്ന സംഘടനയും കാമ്പസുകളില്‍ നിന്നും തൂത്തെറിയപ്പെട്ടിരിക്കുന്നത്. കെ.എസ്.യു കോട്ടകളായ കാമ്പസുകളാണ് ഇപ്പോഴും എസ്.എഫ്.ഐ കോട്ടകളായി തുടരുന്നത്. കെ.സുധാകരനെ പോലെയുള്ള നേതാക്കളാണ് അഡ്രസ്സില്ലാത്ത അവസ്ഥയിലേക്ക് കെ.എസ്.യു വിനെ മാറ്റിയിരിക്കുന്നത്. ഇന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം കാമ്പസുകളിലും വലിയ ആധിപത്യമാണ് എസ്.എഫ്.ഐക്കുള്ളത്. കാമ്പസുകള്‍ വലതുപക്ഷ രാഷ്ട്രീയത്തിനോട് ഗുഡ് ബൈ പറഞ്ഞത് ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇതൊന്നും തിരിച്ചറിയാതെ കെ.സുധാകരിനിലുടെ ഒരു മാജിക്ക് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ തന്നെയാണെന്ന് കരുതേണ്ടി വരും.

കെ.പി.സി.സി അദ്ധ്യക്ഷന് ആദ്യം വേണ്ടത് പക്വതയാണ്. അതാണിവിടെ സുധാകരന് കൈമോശം വന്നിരിക്കുന്നത്. അന്‍പത് വര്‍ഷം മുന്‍പത്തെ കാമ്പസ് ചരിത്രം വളച്ചൊടിച്ച് വിളമ്പിയാല്‍ ഒരു കാമ്പസില്‍ പോലും കെ.എസ്.യുവിനെ വിജയിപ്പിക്കാന്‍ സുധാകരന് കഴിയുകയില്ല. പിന്നെയല്ലേ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതെന്നതും കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കണം. സുധാകരന്‍ ഇപ്പോള്‍ പറഞ്ഞ ബ്രണ്ണന്‍ കഥയിലെ നായകരുടെ കുടുംബം തന്നെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ രംഗത്തു വന്നു കഴിഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകനായ ഫ്രാന്‍സിസ് വേദിയില്‍ കയറി മൈക്കും കത്തിയുമായി പിണറായിയെ ആക്രമിച്ചു എന്ന സുധാകരന്റെ ആരോപണത്തിനെതിരെ അദ്ദേഹത്തിന്റെ മകന്‍ ജോബ് തന്നെ ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. കത്തി കൊണ്ടു നടക്കുന്ന വ്യക്തിയല്ല തന്റെ പിതാവെന്നാണ് ഫ്രാന്‍സിസിന്റെ മകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സംഭവം ഒരിക്കലും പിതാവ് തന്നോട് പറഞ്ഞിട്ടില്ലന്നും പരാമര്‍ശം പിന്‍വലിച്ചില്ലങ്കില്‍ സുധാകരനെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും ഫ്രാന്‍സിസിന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രണ്ണന്‍ കോളജിലെ മുന്‍ കെഎസ്‌യു നേതാവും നിലവില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ മമ്പറം ദിവാകരനും സുധാകരന്റെ അവകാശവാദങ്ങള്‍ തള്ളി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ കാമ്പസ് കഥകളല്ല പറയേണ്ടതെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. പിണറായിയെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തിയ കഥ ഇപ്പോഴാണ് താന്‍ പോലും അറിയുന്നതെന്നാണ് മമ്പറം ദിവാകരന്‍ പറയുന്നത്. താനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി ഞങ്ങളുടെ സീനിയറായിരുന്നു. കെ.എസ്.യു നേതാവായിരിക്കെ താന്‍ ഇന്ദിരാപക്ഷത്തും സുധാകരന്‍ സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു എന്നും മമ്പറം ദിവാകരന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ മമ്പറം ദിവാകരന്റെ ഈ മറുപടിയും സുധാകരന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. ചൂണ്ടുവിരലില്‍ സുധാകരനെയും സംഘത്തെയും നിര്‍ത്തിയ പിണറായിയുടെ വീര ചരിത്രമാണ് ഇവിടെ വളച്ചൊടിച്ച് തന്റെ വീരപരാക്രമമായി സുധാകരന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അല്പത്തരം എന്നതിനപ്പുറം മറ്റൊന്നും തന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയില്ല.

വിദ്യാര്‍ത്ഥികളുടെ പിന്തുണ സുധാകരന് ഉണ്ടായിരുന്നു എങ്കില്‍ പിന്നീട് ഒരിക്കലും അദ്ദേഹം കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എ.കെ ബാലനോട് പരാജയപ്പെടില്ലായിരുന്നു. സുധാകരന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രി തന്നെ ശക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലായതിനാല്‍ അതിന്റെ പരിമിതിക്കുള്ളില്‍ നിന്നാണ് പിണറായി മറുപടി നല്‍കിയിരിക്കുന്നത്. ആ മറുപടിയാണ് സുധാകരനെ വീണ്ടും ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. സുധാകരന്റെ പൊങ്ങച്ചം പൊളിച്ചടുക്കിയതിനേക്കാള്‍ കേരളം ചര്‍ച്ച ചെയ്യേണ്ടത് മറ്റൊന്നാണ്. അത് പിണറായിയുടെ വെളിപ്പെടുത്തലാണ്. രാഷ്ട്രീയ പകയാല്‍ അദ്ദേഹത്തിന്റെ രണ്ടു മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന വെളിപ്പെടുത്തലാണിത്. ഇക്കാര്യം തന്നോട് പറഞ്ഞ കോണ്‍ഗ്രസ്സ് നേതാവിന്റെ പേര് പിണറായി വെളിപ്പെടുത്തിയിട്ടില്ലങ്കിലും അത് ആരാണ് എന്നതു സംബന്ധിച്ച് ഇപ്പോള്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഏറെക്കുറെ വ്യക്തത കൈവന്നിട്ടുണ്ട്. എന്തുകൊണ്ട് ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല എന്നതാണ് സുധാകരന്റെ ചോദ്യമെങ്കില്‍ അതിന് സി.പി.എം പ്രവര്‍ത്തകര്‍ക്കും മറുപടിയുണ്ട്.

സുധാകരനെ പേടി ഉണ്ടെങ്കിലല്ലേ പരാതി കൊടുക്കേണ്ടതൊള്ളൂ എന്നതാണ് അവരുടെ മറുപടി. സുധാകരനെ പേടിച്ച് അദ്ദേഹത്തിനു മുന്നില്‍ മുട്ടിടിച്ച് ഇപ്പോഴും നില്‍ക്കുന്നത് കോണ്‍ഗ്രസ്സ് നേതാക്കളാണ്. രമേശ് ചെന്നിത്തലയും വി.ഡി സതീശനും ഉള്‍പ്പെടെ സ്വീകരിച്ചിരിക്കുന്നതും ഈ നിലപാടാണ്. സുധാകരന്‍ പൊട്ടിത്തെറിച്ചതിലോ വീമ്പിളക്കിയതിലോ അല്ല മുഖ്യമന്ത്രി മറുപടി നല്‍കിയതാണ് കോണ്‍ഗ്രസ്സ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മരംമുറി മറയ്ക്കാനാണ് മുഖ്യമന്ത്രി വിവാദമുണ്ടാക്കുന്നതെന്ന മണ്ടന്‍ ആരോപണമാണ് ചെന്നിത്തലയും വി.ഡി സതീശനും ഉയര്‍ത്തിയിരിക്കുന്നത്. ‘ചവിട്ടി വീഴ്ത്തി ” എന്ന് സുധാകരന്‍ പറഞ്ഞാല്‍ വായടച്ച് ചെന്നിത്തല ഇരിക്കുമായിരിക്കും. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന് അതിനു കഴിയുകയില്ല. ഒരു കമ്മ്യൂണിസ്റ്റിനും അത് സാധ്യവുമല്ല.

പിണറായി വിജയന്‍ ഒരുപാട് ചവിട്ട് കൊണ്ടിട്ടുണ്ട് അത് കോണ്‍ഗ്രസ്സുകാരുടെയല്ല, അവരുടെ പൊലീസിന്റെയാണ്. അത്തരം കൊടിയ മര്‍ദ്ദനങ്ങള്‍ തന്നെയാണ് പിണറായി എന്ന കര്‍ക്കശക്കാരനായ കമ്യൂണിസ്റ്റുകാരനെ വാര്‍ത്തെടുത്തിരിക്കുന്നത്. എന്നാല്‍ പൊലീസിനു പകരം ”കെ.സുധാകരന്റെ ചവിട്ട് കൊണ്ടവനെന്ന് ‘ ജനങ്ങള്‍ വിശ്വസിച്ചോട്ടെ എന്ന ബോധമാണ് കോണ്‍ഗ്രസ്സ് നേതാക്കളെ നയിക്കുന്നതെങ്കില്‍ അതിനു അനുസരിച്ച് നിന്നു കൊടുക്കേണ്ട ഗതികേട് പിണറായിക്കില്ല. അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. കിട്ടാത്ത ചവിട്ട് മേടിച്ചോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ ‘കിട്ടിയെന്ന് ‘ മറുപടി പറയണമെന്ന് കുത്തക മാധ്യമങ്ങളും ആഗ്രഹിക്കരുത്. അത് നിങ്ങളുടെ ഉള്‍പ്പെടെ മോഹം മാത്രമാണ്. ഇത്തരം ആരോപണങ്ങള്‍ക്കെല്ലാം മറുപടികള്‍ പറഞ്ഞു തന്നെ പോകണം. അത് പിണറായിയുടെ മാത്രമല്ല സി.പി.എം നേതൃത്വത്തിന്റെയും ബാധ്യതയാണ്. ആ കടമ അവര്‍ നിറവേറ്റുക തന്നെ വേണം. ഇടതുപക്ഷ മനസ്സുകള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

Top