സമരാഗ്‌നിക്ക് ഫണ്ട് പിരിച്ചില്ല; പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സുധാകരന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പരിപാടിയായ സമരാഗ്‌നിയുടെ ഭാഗമായി സഹകരിക്കാത്തതിലാണ് നടപടി. പരിപാടിയുടെ വിജയത്തിനായി പൊതുജനസമ്പര്‍ക്കം നടത്തിയില്ലെന്നും ഫണ്ട് പിരിച്ച് നല്‍കിയില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, മംഗല്‍പാടി, കുമ്പള, പൈവെളിഗെ, മടിക്കൈ മണ്ഡലം പ്രസിഡന്റ് മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം കാസര്‍കോട് നിന്നാണ് തുടങ്ങിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടന്നുവരികയാണ്. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങളും കേട്ട് കൊണ്ടാണ് യാത്ര. 29ന് തിരുവനന്തപുരത്താണ് സമരാഗ്‌നിയുടെ സമാപനം.

Top