കേരളത്തിലെ കാര്യങ്ങള്‍ പറയേണ്ടത് കെപിസിസി, ചിദംബരം പറഞ്ഞതില്‍ മറുപടി തരണ്ട കാര്യമില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച പി.ചിദംബരത്തെ തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തിലെ കാര്യങ്ങള്‍ ആധികാരികമായി പറയേണ്ടത് കെപിസിസി ആണെന്നും തങ്ങള്‍ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും, ചിദംബരം പറഞ്ഞതിനെ പറ്റി ചിദംബരത്തോട് തന്നെ ചോദിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുധാകരന്‍ പറഞ്ഞു.

നേരത്തെ, നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയിരുന്നു. ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദെന്നും, നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. അതിന്റെ സൃഷ്ടികര്‍ത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ടെന്നും ചിദംബരം കുറ്റപ്പെടുത്തി.

ലവ് എന്നതും നാര്‍കോട്ടിക്സ് എന്നതും യാഥാര്‍ഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, ‘ലവി’നോടും ‘നാര്‍ക്കോട്ടിക്സി’നോടും ചേര്‍ത്തുവെക്കുമ്പോള്‍ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണ് ചിദംബരം പ്രമുഖ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്, ഹിന്ദുമതത്തെ അല്ലെങ്കില്‍ ക്രിസ്തുമതത്തെ ഒരു വശത്തും, മുസ്ലിം മതത്തെ മറുവശത്തും നിര്‍ത്തി അവിശ്വാസത്തെയും സാമുദായിക സംഘര്‍ഷത്തെയും ഉത്തേജിപ്പിക്കാനായിരുന്നു അത്. മതഭ്രാന്തന്മാര്‍ക്ക് ഇസ്ലാം ‘അപര’വും മുസ്ലിങ്ങള്‍ ‘അപരന്മാരു’മാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും ചിദംബരം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിവാദത്തില്‍ ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തില്‍ പറയുന്നു. ബിഷപ്പിന് പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതില്‍ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top