ഉത്രവധക്കേസ്‌; പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കണം, സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സുധാകരന്‍

തിരുവനന്തപുരം: ഉത്രവധക്കേസിലെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് ഖേദകരമാണെന്നും, പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം ലഭിക്കാന്‍ ആവശ്യമായ നിയമ സഹായം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും, ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന വികാരം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷമാണിത്. പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളും ഉത്രാവധക്കേസിലെ വിധിയെ ഉറ്റുനോക്കിയതാണ്. നിയമത്തിലെ പഴുതുകളിലൂടെ പ്രതികള്‍ക്ക് ശിക്ഷകളില്‍ ഇളവുലഭിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരും നിരാശരാണ്.

ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ആ വികാരം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ തയ്യാറാകണം. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതി നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റി ജയിലിലാണെങ്കിലും ജീവിക്കുന്നൂ എന്നത് നമ്മുടെ സാമൂഹ്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ, പ്രതി സൂരജിന് വിധിച്ച ശിക്ഷയില്‍ അതൃപ്തിയറിയിച്ച് ഉത്രയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകള്‍ക്ക് നീതികിട്ടണമെങ്കില്‍ വധശിക്ഷ ലഭിക്കണമായിരുന്നെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നാട്ടില്‍ ഇത്തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തില്‍ തൃപ്തരല്ല. അടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മണിമേഖല പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Top