തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് സുധാകരൻ, പാര്‍ട്ടിയിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷനെന്ന് ചെന്നിത്തല

ദില്ലി : ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂരിൻ്റെ നടപടികൾ എഐസിസിയെ അറിയിച്ചിരുന്നു. പാർട്ടിയുമായി ഒത്തു പോകണമെന്ന നിർദേശം തരൂർ പാലിക്കുന്നില്ല. ഔദ്യോഗികമായ ക്ഷണം നിരസിച്ച തരൂർ പാർട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളിൽ പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ തരൂർ ഇടപെടുന്നില്ലെന്നും സുധാകരൻ ആരോപിച്ചു. ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തോടാണ് സുധാകരന്റെ പ്രതികരണം.

കേരള വിവാദത്തിലെ നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ആണ് ശശി തരൂരിന്റെയും തീരുമാനം. സോണിയ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും ശശി തരൂർ കാണും. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളിൽ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ തീരുമാനം. അതേസമയം സംസ്ഥാന നേതൃത്വത്തിൻറെ എതിർപ്പ് ശക്തമായതോടെ ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.

തരൂരിനെതിരെ സംസ്ഥാന കോൺഗ്രസിൽ വലിയ എതിർപ്പുണ്ടെന്നണ് കേരളപര്യടനത്തിൽ നിന്ന് താരിഖ് അൻവർ മനസിലാക്കിയത്. തരൂരിന്റെ പോക്കിൽ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിർക്കുന്നു. ചില എംപിമാരുടെ മാത്രം പിന്തുണയാണുള്ളത്. സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിർപ്പുയരുമ്പോൾ പ്രവർത്തക സമിതിയിലേക്കുള്ള തരൂരിൻറെ സാധ്യതകൾക്ക് മങ്ങലേൽക്കുകയാണ്.

പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ്‌ ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിൽ ഐക്യമാണ് വലുത്. പല തരത്തിൽ അഭിപ്രായം ഉണ്ടാകും. അത് പാർട്ടി വേദിയിൽ വേണം പറയാൻ. ഇപ്പോൾ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കണമെന്ന് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കിൽ സിപിഎം പങ്കെടുക്കുകയാണ് വേണ്ടത്. സിപിഐയെ സിപിഎം ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പോയ കെ വി തോമസിന് ഇപ്പോളെങ്കിലും സിപിഎം ഒരു സ്ഥാനം കൊടുത്തതിൽ സന്തോഷമുണ്ട്. സ്ഥാനം നൽകി മോദി നേതാക്കളെ ബിജെപിയിൽ എത്തിക്കുന്ന തന്ത്രമാണ് പിണറായി കേരളത്തിൽ നടത്തുന്നത്. കെ വി തോമസിന് ഒപ്പം ഒരാൾ പോലും പോയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top