പെരിയ ഇരട്ടക്കൊലപാതക കേസ്; കൂടുതല്‍ സിപിഐഎം നേതാക്കള്‍ പ്രതികളാകുമെന്ന് സുധാകരന്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കേരളത്തോട് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഉന്നത നേതൃത്വം കേസില്‍ പ്രതികളായിരിക്കുന്നു.

ഇനിയും പല നേതാക്കളും പ്രതികളാകുവാന്‍ പോകുന്നു. കേരളത്തില്‍ സിപിഎം നടത്തിയ നിഷ്ഠൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളാണ് പുറത്ത് വരുന്നത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ ജനരോഷത്തില്‍ നിന്നും സിപിഎം പാഠം പഠിച്ചിട്ടില്ല. അവരുടെ പൈശാചികത തുടരുകയാണ്. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികളാണ് ചെലവാക്കിയത്.

സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഫയല്‍ നല്‍കാതെയും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും ഭരണകൂടം സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങളെയും കടന്നാണ് സിബിഐ അന്വേഷണത്തിലൂടെ പ്രതികള്‍ക്ക് വിലങ്ങ് വീഴുന്നത്. ഇത് കേരളത്തിലെ ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

അധികാരത്തണലില്‍ എന്തും നടത്തിക്കളയാമെന്ന ഹുങ്കാണ് ഇവിടെ തകര്‍ന്ന് വീഴുന്നത്. മുഖ്യമന്ത്രി വായ് തുറന്ന് പ്രതികരിക്കാന്‍ തയ്യാറാകാണം. ആത്മാഭിമാനം ഉണ്ടെങ്കില്‍ കേരളീയ സമൂഹത്തോട് മാപ്പുപറയണം. അവസാനത്തെ കൊലയാളിയുടെ കൈകളില്‍ വിലങ്ങ് വീഴും വരെയും കോണ്‍ഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

Top