എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ അനായാസം കഴിയുമെന്ന് സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധവുമായെത്തിയ നടന്‍ ജോജു മദ്യപിച്ചിരുന്നെന്ന് പറഞ്ഞത് പൊലീസുകാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ജോജു മദ്യപിച്ചിട്ടുണ്ടെന്നത് ആദ്യം പറഞ്ഞത് കോണ്‍ഗ്രസുകാരല്ല, പൊലീസുകാരാണെന്ന് സുധാകരന്‍ ആരോപിച്ചു. എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്താന്‍ അനായാസം കഴിയുമെന്നും, പരിശോധനാഫലം ശരിയായാല്‍ പോലും മദ്യപനെ പോലെയാണ് ജോജു പെരുമാറിയതെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ കയ്യാങ്കളി പരിഹരിക്കാന്‍ ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Top