കോണ്‍ഗ്രസിനെ നയിക്കാന്‍ അക്കാദമിക് യോഗ്യത മാത്രം പോര അനുഭവപരിചയം വേണമെന്ന് സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ല. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ വളര്‍ന്നുവന്ന നേതാവാണ് മല്ലികാര്‍ജുന ഖാര്‍ഗെ. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

ജനാധിപത്യ രാഷ്ട്രത്തില്‍ നയിക്കാനുള്ള കഴിവാണ് പ്രധാനം. തരൂര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്, മികച്ച പാണ്ഡിത്യമുണ്ട്. എന്നാല്‍ സംഘടനാകാര്യങ്ങളിലേക്ക് വരുമ്പോള്‍ തരൂരിന് പ്രവര്‍ത്തന പാരമ്പര്യമില്ല. രാഷ്ട്രീയമണ്ഡലത്തില്‍ തരൂരിന്റെ അനുഭവം പരിമിതമാണ്. ഒരു പാര്‍ട്ടിയെ നയിക്കാന്‍ ബുദ്ധിയും സാമര്‍ഥ്യവും മാത്രം പോരാ.

കോണ്‍ഗ്രസ് പോലെയുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ അനുഭവപരിചയമാണ് ഏറ്റവും പ്രധാനം. അനുഭവക്കുറവ് അപകടമാണെന്ന് രാഹുല്‍ ഗാന്ധി പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നത് തന്നെ. അതിനര്‍ഥം രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് പരാജയമാണെന്നല്ല, ഭാരത് ജോഡോ യാത്ര നടത്തുന്നത് പോലും രാഷ്ട്രീയ അനുഭവങ്ങള്‍ നേരിടുന്നതിനായുള്ള രാഹുലിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കലാണ്. യാത്ര പൂര്‍ത്തിയാവുന്നതോടെ പുതിയ രാഹുലിനെയാവും നമ്മളെല്ലാവരും കാണുക.

അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു പാര്‍ട്ടിയെ നയിക്കാനോ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാനോ കഴിയില്ല. ഇത് തരൂരിനെ പറഞ്ഞുബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മറ്റേതെങ്കിലും പദവി സ്വീകരിക്കണമെന്ന് പറഞ്ഞു, പക്ഷെ അദ്ദേഹം ശക്തമായ ഒരു തീരുമാനമുള്ള ആളാണ്. പക്ഷെ പ്രായോഗികതയില്‍ അത് സാധ്യമല്ല. ട്രെയിനിയായ ഒരാളെ ഫാക്ടറിയുടെ ചുമതലയേല്‍പ്പിക്കുന്നത് പോലെയാണത്. സംഘടനപരമായി തരൂര്‍ ഇപ്പോഴും ഒരു ട്രെയിനി ആണ്. അദ്ദേഹത്തിന് കഴിവുണ്ട്, അത് അംഗീകരിക്കുന്നു. പക്ഷെ ഇതുവരെ ഒരു ബൂത്ത് പ്രസിഡന്റിന്റെ ചുമതല പോലും അദ്ദേഹം വഹിച്ചിട്ടില്ല.

അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. തരൂരിന് കഴിവും സാധ്യതകളുമുണ്ട്. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിയിലെ മറ്റ് ഉന്നത പദവികള്‍ ഏറ്റെടുക്കാം. തരൂരിനും അത് നന്നായി അറിയാം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പാര്‍ട്ടി വിടുന്ന പ്രശ്നമില്ല. പക്ഷെ അല്‍പ്പം കൂടി കാത്തിരുന്നാല്‍ മാത്രമേ അദ്ദേഹത്തിന് ഉന്നത പദവികള്‍ ഏറ്റെടുക്കാന്‍ അവസരമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top