ഗുണ്ടയെ പോലെ പെരുമാറി, നടപടിയുണ്ടായില്ലെങ്കില്‍ വ്യാപക പ്രതിഷേധം: ജോജുവിനെതിരെ വിമര്‍ശനവുമായി സുധാകരന്‍

തിരുവനന്തപുരം: നടൻ ജോജു ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സുധാകരന്‍ ആരോപിച്ചു. സ്ത്രീ പ്രവര്‍ത്തകരുടെ പരാതിയില്‍ നടപടി ഇല്ലെങ്കില്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നാണ് സുധാകരന്റെ വെല്ലുവിളി.

ഇന്ധന വില വര്‍ധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ ജോജു ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കയര്‍ത്തു. രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണ്. വില വര്‍ധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവര്‍ധിപ്പിക്കുന്നതില്‍ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടന്റെ ന്യായീകരണം. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യണമെന്നും എന്നാല്‍ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു.

ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു മണിക്കൂര്‍ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ജോജു മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മോശമായി പെരുമാറിയെന്ന് വനിതാ പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടന്‍ തന്നെ രേഖാമൂലം പരാതി നല്‍കുമെന്നുമാണ് വനിതാ നേതാവിന്റെ പ്രതികരണം. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി സമരം നടത്തുമ്പോള്‍ വെറും ഷോ വര്‍ക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കള്‍ പറയുന്നു. ജോജുവിന്റെ കയ്യില്‍ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്‌നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാര്‍ പറയുന്നു.

 

Top