സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി; കാനവും ബിനോയ് വിശ്വവും തുടരും

കൊല്ലം: സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകര്‍ റെഡ്ഡി തുടരും. ഗുരുദാസ് ദാസ് ഗുപ്ത ഡെപ്യൂട്ടി ജനറല്‍ സ്ഥാനം ഒഴിഞ്ഞു. പുതിയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തിട്ടില്ല. സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി ദേശീയ കോണ്‍ഗ്രസില്‍ അംഗീകാരം. കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍.

ഇതിന് പുറമെ 125 അംഗ ദേശീയ കൗണ്‍സിലിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം നല്‍കി. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി പന്ന്യന്‍ രവീന്ദ്രനെയും തിരഞ്ഞെടുത്തു.

എന്‍. രാജന്‍, മന്ത്രി ഇ.ചന്ദ്രശേഖരന്‍, മഹേഷ് കക്കത്ത്, കെ.പി. രാജേന്ദ്രന്‍, എന്‍. അനിരുദ്ധന്‍, പി.വസന്തം എന്നിവരാണ് ദേശീയ കൗണ്‍സിലേക്ക് എത്തിയ പുതുമുഖങ്ങള്‍. വിദ്യാര്‍ഥിനേതാവ് കനയ്യ കുമാര്‍ ദേശീയ കൗണ്‍സിലില്‍ ഇടം നേടിയിട്ടുണ്ട്.

നേരത്തെ സി ദിവാകരനെ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി.

Top