മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം

sudani

വര്‍ഷത്തെ മികച്ച സിനിമക്കുള്ള പത്മരാജന്‍ പുരസ്‌കാരം മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയക്ക്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ നായകനായ സൗബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. ചിത്രം തിയേറ്ററുകളിലും വന്‍വിജയമായിരുന്നു.

സുഡാനി ഫ്രം നൈജീരിയ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അംഗീകാരം നേടിയിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ചിത്രം സംവിധാനം ചെയ്ത സക്കരിയ മുഹമ്മദിന് ലഭിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പനോരമയിലും ബംഗ്ലാദേശിലെ ധാക്കാ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഫേസ്ബുക്കിലെ ജനാധിപത്യപരമായ പുരസ്‌ക്കാരമെന്നറിയപ്പെടുന്ന സിനിമാ പാരഡൈസോ പുരസ്‌ക്കാരം ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുകയുണ്ടായി. ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Top