അവശ്യ സാധനങ്ങളുടെ വിലക്കയറ്റം;സുഡാനിലെ പ്രതിഷേധത്തില്‍ മരണം 24 കടന്നു

സുഡാന്‍; സുഡാനില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ മരണം 24 കടന്നു. ആവശ്യ സാധനങ്ങളുടെ വില വര്‍ധനയെ തുടര്‍ന്ന് ആരംഭിച്ച സമരം നാളുകളായി നീണ്ട് പോവുകയാണ്, എന്നാല്‍ രാജ്യവ്യാപക പ്രതിഷേധത്തില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡിസംബര്‍ 19 ന് ആരംഭിച്ച പ്രതിഷേധത്തില്‍ പ്രസിഡന്റ് ഒമര്‍ ആല്‍ ബാഷിറിന്റെ രാജി ആവശ്യപ്പെട്ടും ജനങ്ങള്‍ നിരത്തിലിറങ്ങി. ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. എന്നാല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പ്രസിഡന്റ് ഒമര്‍ ആല്‍ ബാഷിറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും കഴിഞ്ഞ ദിവസം ഒംദുര്‍മാനില്‍ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ രോഗികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ആവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വില വര്‍ധനവിന് കാരണം വാഷിങ്ടണുമായുള്ള വ്യാപാര താത്പര്യങ്ങളില്‍ വിള്ളല്‍ വന്നതാണെന്നാണ് സുഡാന്‍ പ്രസിഡന്റിന്റെ വാദം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരത്തില്‍ അധികം ആളുകളാണ് പ്രതിഷേധത്തില്‍ ഇതുവരെ അറസ്റ്റിലായത്.

Top