ദക്ഷിണ സുഡാനില്‍ കാട്ടുതീ പടര്‍ന്ന് 33 മരണം; 61 പേര്‍ ഗുരുതരാവസ്ഥയില്‍

സുഡാന്‍:ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ട് തീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന തീ വലിയ കാറ്റിനൊപ്പം ഗ്രാമങ്ങളിലേക്കും എത്തുകയായിരുന്നു.

രാജ്യത്തിന്റെ ഉള്‍ പ്രദേശമായതിനാല്‍ അപകടത്തില്‍ പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് അപകടത്തിന്റെ ആക്കം കൂടാന്‍ കാരണമായത്. 138 വീടുകള്‍ മൊത്തമായും കത്തി നശിച്ചു. പതിനായിരത്തോളം വളര്‍ത്തു മൃഗങ്ങും തീയിലകപ്പെട്ടു.

ദക്ഷിണ സുഡാനില്‍ സര്‍ക്കാരും റിബല്‍ ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധം 2013 മുതല്‍ തുടരുകയാണ്. ഇത് പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കുള്ള ഫണ്ടിങിനെയടക്കം ബാധിച്ചത് തീപ്പിടുത്തം നിയന്ത്രിക്കുന്നതിനും കാലതാമസമുണ്ടാക്കിയിട്ടുണ്ട്. മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ഇനിയും മരണ സംഖ്യ വര്‍ദ്ധിക്കുമെന്നാണ് കണക്ക്.

Top