സുധാകര്‍ റെഡ്ഡിക്ക് പകരം ഡി രാജ ഇനി സിപിഐ ജനറല്‍ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനമായി

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാവ് ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് പകരമാണ്‌ ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സിലാണ് രാജയെ പുതിയ ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രാജയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, ദേശീയ കൗണ്‍സില്‍ ചേര്‍ന്ന ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയുള്ളുവെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്.ദേശീയരംഗത്തെ ഇടപെടല്‍, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി രാജയ്ക്ക് അനുകൂലമായത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ സിപിഐയുടെ 11-ാമത് ദേശിയ സെക്രട്ടറിയാണ്.1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായ രാജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ ദളിത് നേതാവ്‌ കൂടിയാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സുധാകര്‍ റെഡ്ഡി താല്‍പര്യം അറിയിച്ചത്. മൂന്നു ടേം തികയ്ക്കാന്‍ രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കെയായിരുന്നു റെഡ്ഡിയുടെ തീരുമാനം. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന നേതാവിനെ കണ്ടെത്തണമെന്നാണ് നിര്‍ണായക സ്വാധീനമുള്ള കേരള ഘടകത്തിന്റെ നിലപാട്.

Top